ഓണ്‍ലൈന്‍ വഴി മദ്യവില്‍പന നടത്താൻ ആലോചന; പത്ത് ദിവസത്തിനുള്ളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ വില്‍പന ആരംഭിച്ചേക്കും

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യ വില്‍പനയ്ക്കുള്ള സാഹചര്യം വീണ്ടും പരിശോധിക്കുന്നു. ഓണം ലക്ഷ്യമിട്ട് മദ്യവില്‍പനയില്‍ ഈ രീതി നടപ്പാക്കാനാണ് നീക്കമെന്നാണ് വിവരം. പത്ത് ദിവസത്തിനുള്ളില്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ വില്‍പന ആരംഭിച്ചേക്കും.

പരീക്ഷണം വിജയകരമായാല്‍ ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 270 ഔട്ട് ലെറ്റുകളില്‍ സൗകര്യം ഒരുക്കാനാണ് നീക്കം. ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്നതിന് മുന്നോടിയായി 13 ഔട്ട് ലറ്റുകളിലെ സ്‌റ്റോക്, വില വിവരങ്ങള്‍ ബെവ്‌കോ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മദ്യ വില്‍പന രീതിയെ സംബന്ധിച്ച് ഹെെക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്  പിന്നാലെയാണ് പുതിയ രീതികള്‍ ഉള്‍പ്പെടെ പരീക്ഷിക്കാന്‍ ബെവ്‌കോ തയ്യാറാകുന്നത്. തൃശൂര്‍ കുറുപ്പം റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റിലെ ആള്‍കൂട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. മദ്യ വില്‍പന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍നടപടികള്‍ ഓഗസ്റ്റ് പതിനൊന്നിനകം അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.