'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ബി അശോക് ഐഎഎസാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി അശോക് ഐഎഎസ് ഹർജി നൽകിയിരിക്കുന്നത്.

ഐഎജി ഡയറക്ടർ ആയിരിക്കെയാണ് കെ ജയകുമാർ ബോർഡ് പ്രസിഡന്റായത് എന്നാണ് ഹർജിയിലെ ആരോപണം. അതേസമയം, ഇരട്ടപ്പദവി ഇല്ലെന്നും ബോർഡ് പ്രസിഡന്റ് ആയതിൽ ചട്ടലംഘനം ഇല്ലെന്നും കെ ജയകുമാർ പറയുന്നു. രണ്ടിടത്തും ആനുകൂല്യം പറ്റുന്നില്ലെന്നും ഐഎജി ഡയറക്ടർ പദവിയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ ആളെ നിയമിക്കുമെന്നും ജയകുമാർ വ്യക്തമാക്കി.

ജയകുമാറിന്‍റെ നിയമനം ചട്ടലംഘനം തന്നെയെന്ന് ബി അശോക് ഐഎഎസ് പറഞ്ഞു. ഐഎംജി പദവി ഒഴിഞ്ഞ ശേഷം വേണമായിരുന്നു ചുമതല ഏറ്റെടുക്കാനെന്ന് പറഞ്ഞ ബി അശോക്, ജയകുമാറിന്‍റെ ഐഎംജി ഡയറക്ടര്‍ നിയമനവും ചട്ടലംഘമെന്ന് ആരോപിച്ചു. അതേസമയം, ഐഎംജി ഡ‍യറക്ടര്‍ ചുമതല ഒഴിയുമെന്ന് കെ ജയകുമാര്‍ പറഞ്ഞു. പദവിയില്‍ തുടരുന്നത് പകരക്കാരന്‍ വരുന്നത് വരെ മാത്രമാണെന്ന് ജയകുമാര്‍ വ്യക്തമാക്കി.

Read more