വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിലക്ക് ; മര്‍സൂഖി പത്രസമ്മേളനം ഉപേക്ഷിച്ചേക്കും

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് പത്രസമ്മേളനത്തില്‍ പറയുമെന്ന് അറിയിച്ച ദുബായിലെ വ്യവസായി മര്‍സൂഖിക്ക് തിരിച്ചടി. പ്രശ്‌നം പരിഹരിക്കാത്ത പക്ഷം തിങ്കളാഴ്ച്ച പത്രസമ്മേളനം നടത്തുമെന്നായിരുന്നു മര്‍സൂഖി അറിയിച്ചിരുന്നത്. പക്ഷേ ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനെതിരെയായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് കരുനാഗപ്പള്ളി സബ്‌കോടതി വിലക്ക് ഏര്‍പ്പെടുത്തിയതാണ് മര്‍സൂഖിയെ പ്രതികൂലമായി ബാധിച്ചത്.

കരുനാഗപ്പള്ളി സബ്‌കോടതി ഇതു സംബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിനും മാധ്യമസ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു. പത്രസമ്മേളനം പ്രസ് ക്ലബില്‍ നടത്താന്‍ സാധിക്കില്ലെന്ന് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മര്‍സൂഖി പത്രസമ്മേളനം ഉപേക്ഷിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ബിനോയ് കോടിയേരി കുടിശിക തിരിച്ചു തരാത്ത പക്ഷം രേഖകള്‍ സഹിതം പത്രസമ്മേളനം നടത്തുമെന്നാണ് മര്‍സൂഖി അറിയിച്ചിരുന്നത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നാളെ വൈകുന്നേരം നാലിന് പത്രസമ്മേളനം നടത്തുമെന്നാണ് മര്‍സൂഖി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.