പോപ്പുലര്‍ ഫ്രണ്ടിന്റേ നിരോധനം, ക്ലിഫ് ഹൗസിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം

പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗം ഉടൻ തന്നെ ക്ലിഫ് ഹൗസിൽ നടക്കും.

യു.പി, കര്‍ണാടക, ഗുജറാത്ത് സര്‍ക്കാരുകളാണ് നിരോധനത്തിന് ശുപാര്‍ശ ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ച് വര്‍ഷത്തേക്കാണ്  കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.  രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് ഈ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. ഇനി സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു കുറ്റകരമാകും. വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയില്‍ എടുത്തതിന് ശേഷമാണ് ഇപ്പോള്‍ നിരോധനം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര്‍ അറസ്റ്റിലായിരുന്നു. റെയിഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ എന്‍ഐഎ റെയ്ഡും നടപടികളും തുടര്‍ന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറങ്ങുന്നത്.