കോ- ലീ - ബി സഖ്യമുണ്ടായിട്ടുണ്ട്, സി.പി.എമ്മുമായി ഡീൽ എന്ന ബാലശങ്കറിന്‍റെ ആരോപണം അസംബന്ധം: ഒ. രാജഗോപാൽ

കേരളത്തിൽ കോൺഗ്രസ് – ലീഗ് – ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. ഇത് ബി.ജെ.പിക്ക് വോട്ട് വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഒ രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒറ്റപ്പാലത്തും മഞ്ചേശ്വരത്തും വോട്ട് കൂടാൻ കോ- ലീ – ബി സഖ്യം സഹായിച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് വെളിപ്പെടുത്തി.

സിപിഎം അതിക്രമങ്ങള്‍ കൂടുതലുളള കണ്ണൂർ പോലെയുള്ള സ്ഥലങ്ങളിൽ പ്രതിരോധത്തിന്റെ ഭാഗമായി ഇത്തരം കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്. പ്രാദശികതലത്തിലുളള ധാരണ നേതൃത്വത്തിന്‍റെ അനുമതിയോടെയായിരുന്നു. ഈ സഖ്യം ബിജെപിക്ക് നേട്ടം ചെയ്തിട്ടുണ്ട്. പ്രായോഗിക രാഷ്ട്രീയത്തിൽ അഡ്‌ജസ്റ്റ്മെന്റ് വേണ്ടി വരും. അഡ്‌ജസ്റ്റ്മെന്റ് നേതൃതലത്തിൽ അറിഞ്ഞാൽ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ലെന്നും രാജഗോപാൽ പറയുന്നു.

ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ടെന്ന ബാലശങ്കറിന്‍റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ഒ രാജഗോപാൽ പറഞ്ഞു. ബാലശങ്കർ ആരോ പറയുന്നത് ഏറ്റുപറയുകയാണെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു.