മോശം കാലാവസ്ഥ; കരിപ്പൂരില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

ശക്തമായ മഴയെ തുടര്‍ന്ന് കാലാവസ്ഥ മോശമായതിനാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. ആറ് വിമാനങ്ങളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കിയത്.

ഷാര്‍ജ, ബഹറൈന്‍, ദോഹ, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്. ഇന്ന് രാവിലെയാണ് വിമാനങ്ങള്‍ എത്തിയത്.

ഇവയില്‍ രണ്ട് വിമാനങ്ങള്‍ യാത്രക്കാരെ ഇറക്കി തിരികെ പോയി. ശേഷിക്കുന്ന നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ തന്നെ തുടരുകയാണ്. യാത്രക്കാര്‍ക്ക് മറ്റ് അറിയിപ്പുകള്‍ നല്‍കിയിട്ടില്ല. നെടുമ്പാശ്ശേരിയിലും പരിസരപ്രദേശത്തും ഇപ്പോഴും കനത്ത മഴ തുടരുകയാണ്.