അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന്

പാലക്കാട് അട്ടപ്പാടി അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റുമോർട്ടം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നടക്കുക. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരാണ് ഏറ്റുമുട്ടലിൽ മരിച്ചത്. കാർത്തിക്, സുരേഷ്, ശ്രീമതി, മണിവാസകം എന്നിവരാണ് മരിച്ചവർ. ചിതറിയോടിയ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്.

മഞ്ചികണ്ടി വനത്തിലാണ് രക്ഷപ്പെട്ട മാവോയിസ്റ്റുകൾ ഉള്ളത് എന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇന്നലെ മഞ്ചികണ്ടി വനമേഖലയിൽ നടന്ന തെരച്ചിലിൽ ഒരു എകെ 47 ഉൾപ്പെടെ ആറ് തോക്കുകൾ കണ്ടെടുത്തു. കാടിനകത്ത് മാവോയിസ്റ്റുകൾ തങ്ങാൻ ഉപയോഗിച്ചിരുന്ന ഷെഡ്ഡും സാധനങ്ങളും തണ്ടർബോൾട്ട് കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന പരിസരത്ത് മൂന്നുപേർ പേർ ഇപ്പോഴും ഉണ്ടെന്നാണ് സൂചന.

ഇന്നലെ പുലർച്ചയോടെയാണ് അട്ടപ്പാടി പുതുർ പഞ്ചായത്തിലെ മഞ്ചികണ്ടിയിൽ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. എട്ട് പേർ സംഘത്തിലുണ്ടായിരുന്നതായാണ് സൂചന. മൂന്ന് പേർ തണ്ടർബോൾട്ടിന്റെ വെടിവയ്പ്പിൽ മരിച്ചു. കുറച്ച് മാസങ്ങളായി പ്രദേശത്ത് മാവോയിസ്റ്റ് സാനിദ്ധ്യമുണ്ടെന്നാണ് പറയപ്പെടുന്നത്. മാവോയിസ്റ്റുകൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവത്തിൽ സർക്കാർ ജനകീയ അന്വേഷണം നേരിടണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗ്രോ വാസു പറഞ്ഞിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിക്കാൻ മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും അനുവദിക്കണം, ഭരണകൂടത്തെ എതിർക്കുന്നവരെ കൊന്ന് തീർക്കുന്ന നയമാണ് സർക്കാരിന്റെതെന്നും ഗ്രോ വാസു ആരോപിച്ചു.