ഓഡിയോ ചോര്‍ത്തിയത് രാഷ്ട്രീയ ദുഷ്ടലാക്കോടെ; ഇങ്ങനെയുള്ളവരെ എങ്ങനെ വിശ്വസിക്കുമെന്ന് വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഡിയോ ചോര്‍ന്ന വിഷയത്തില്‍ വിമര്‍ശനവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വളരെ രഹസ്യമായി നടന്ന യോഗത്തിലെ കാര്യങ്ങള്‍ ഒരു അദ്ധ്യാപകന്‍ റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും ഇങ്ങനെയുള്ളവരെ എങ്ങനെ വിശ്വസിക്കുമെന്നും മന്ത്രി ചോദിച്ചു.

കയ്പമംഗലത്തെ നവകേരള സദസിന്റെ ഭാഗമായുള്ള പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഓഡിയോ ചോര്‍ത്തിയ അദ്ധ്യാപകനെതിരെ മന്ത്രിയുടെ പരാമര്‍ശം. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതും ഉത്തരസൂചിക തയ്യാറാക്കുന്നതുമൊക്കെ ഇവരാണ്. ഈ പ്രവൃത്തി കേരളത്തിലുള്ള ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Read more

യോഗത്തിലെ വിവരങ്ങള്‍ പുറത്തുനല്‍കിയത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. രണ്ട് മാസം മുന്‍പ് നടന്ന സംഭവമാണിത്. അദ്ധ്യാപകര്‍ അവരുടെ പ്രവൃത്തിയില്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും മനസാക്ഷിയും കാണിക്കണമെന്നാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നടപടികള്‍ വച്ചുപൊറുപ്പിക്കാനാവില്ല. ഏത് അദ്ധ്യാപകനാണ് ഇത് ചെയ്തതെന്ന് കണ്ടുപിടിച്ചേ മതിയാകൂ എന്നും മന്ത്രി വ്യക്തമാക്കി.