പള്ളിയിലെ ആരാധന തടസപ്പെടുത്താന്‍ ശ്രമം; ചോദ്യം ചെയ്ത വൈദികനെ കാറിടിച്ചു വീഴ്ത്തി; കൂട്ടമണിയടിച്ച് നാട്ടുകാരെ വിളിച്ചു; ഈരാറ്റുപേട്ടക്കാരായ ആറുപേര്‍ അറസ്റ്റില്‍

പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ കാറുകളിലും ബൈക്കുകളിലുമെത്തിയ സംഘം വൈദികനെ ആക്രമിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശികളായ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ചേര്‍പ്പുങ്കലിലെ മാര്‍ സ്ലീവ മെഡിസിറ്റിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് പള്ളിയില്‍ ആരാധന നടന്നുകൊണ്ടിരിക്കെ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വാഹന അഭ്യാസപ്രകടനം നടത്തിയിരുന്നു. വലിയ ശബ്ദം ഉയര്‍ന്ന് കുര്‍ബാന തടസപ്പെട്ടതോടെ ഫാ. ജോസഫ് ആറ്റുചാലില്‍ ഇവരെ തടയുകയും അവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

വൈദികനും പള്ളി അധികാരികള്‍ക്കും നേരേ സംഘം അസഭ്യവര്‍ഷം ചൊരിയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു. തുടര്‍ന്ന് കുര്‍ബാന അവസാനിപ്പിച്ച ശേഷം പള്ളിയുടെ ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ച് വൈദികനെ ഇടിച്ചു വീഴ്ത്തി. തലയടിച്ചാണ് വൈദികന്‍ വീണത്. ഉടന്‍ തന്നെ കൂട്ടമണിയടിച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു കഴിഞ്ഞു. നാട്ടുകാര്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈരാറ്റുപേട്ടക്കാരായ ആറുപേരെ പൊലീസ് പിടികൂടിയത്.

ആരാധന തടസപ്പെടുത്തുകയും വൈദികനെ ആപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പാലാ രൂപതയും പൂഞ്ഞാര്‍ സെന്റ് മേരീസ് ഇടവകയും ശക്തമായി പ്രതിഷേധിച്ചു.