ഷാജഹാന്‍ വധം; ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍ കൂടി അറസ്റ്റില്‍

പാലക്കാട് മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍കൂടി അറസ്റ്റില്‍. കല്ലേപ്പുള്ളി സ്വദേശികളായ സിദ്ധാര്‍ത്ഥന്‍, ആവാസ്, ബിജു, ചേമ്പന സ്വദേശി ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. സിദ്ധാര്‍ഥ്, ആവാസ് എന്നിവര്‍ക്ക് എതിരെ ഗൂഢാലോചന, കൊലപാതകികള്‍ക്ക് ആയുധം എത്തിച്ച് നല്‍കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയും ജിനേഷ്, ബിജു എന്നിവര്‍ക്ക് എതിരെ പ്രതികളെ ഒളിവില്‍ താമസിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്.

അറസ്റ്റിലായ ആവാസിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ആവാസിന്റെ കുടുംബം കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഒരു അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാത്രിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആവാസിനൊപ്പം കാണാതായെന്ന് പറയുന്ന ജയരാജിനെ കുറിച്ച് പൊലീസ് ഒന്നും പറഞ്ഞിട്ടില്ല.

ഷാജഹാന്‍ വധക്കേസില്‍ ഇതുവരെ 12 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ നേരത്തെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ക്ക് 2019 മുതല്‍ ഷാജഹാനുമായി വിരോധമുണ്ട്. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറി ആയത് മുതല്‍ ആണ് വൈരാഗ്യമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.പാര്‍ട്ടിയില്‍ ഷാജഹാന്റെ വളര്‍ച്ച ഇവര്‍ക്ക് എതിര്‍പ്പുണ്ടായി. തുടര്‍ന്ന് പ്രതികള്‍ സിപിഎമ്മുമായി അകന്നു.

പ്രതികള്‍ രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. കൊലപാതക ദിവസം ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിലുണ്ടായ തര്‍ക്കം രൂക്ഷമായതോടെയാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയവിരോധമാണ് കൊലയ്ക്ക് കാരണമെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.