'ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം തീരാനഷ്ടം'; ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാഹുല്‍ നിലമ്പൂരിലേക്ക്

മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം പാര്‍ട്ടിക്കും തനിക്കും തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാ സമാജികനായിരുന്നു അദ്ദേഹമെന്നും രാഹുല്‍ അനുസ്മരിച്ചു. ആര്യാടന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി രാഹുല്‍ ഗാന്ധി നിലമ്പൂരിലെത്തും. അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ഇന്ന് രാവിലെയാണ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചത്. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദ് കേരള നിയമസഭയിലെ മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.

ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍. മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.

ഹൃദയ ബന്ധമുള്ള ആത്മ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് എ.കെ ആന്റണി അനുസ്മരിച്ചു. ആര്യാടന്റെ സംഭാവന കേരളത്തിന് മറക്കാനാവില്ല. എവിടെയെല്ലാം തീവ്രവാദം തല പൊക്കുന്നുവോ അവിടെ എല്ലാം മുഖം നോക്കാതെ അദ്ദേഹം അഭിപ്രായം പറഞ്ഞു.

Read more

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ എതിര്‍ത്തു. ജയ പരാജയമോ ഭാവിയോ നോക്കാതെ ധൈര്യപൂര്‍വ്വം അഭിപ്രായം പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി മരിക്കാന്‍ തയ്യാറായിരുന്നു. തൊഴിലാളി വര്‍ഗത്തിന് വേണ്ടി പോരാടുന്ന വ്യക്തിയായിരുന്നു. മികച്ച തൊഴില്‍-വൈദ്യുതി മന്ത്രിയായിരുന്നുവെന്നും എ.കെ ആന്റണി പറഞ്ഞു.