അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രം; തട്ടിപ്പ് പണം സിപിഎം അക്കൗണ്ടുകളിലേക്കുമെത്തിയെന്ന് ഇഡി കോടതിയില്‍

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടില്‍ സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബാങ്കിലെ ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദിയാണെന്നും ഇഡി വ്യക്തമാക്കി. നിയമവിരുദ്ധമായി വായ്പകള്‍ അനുവദിക്കാന്‍ അരവിന്ദാക്ഷന്‍ ബാങ്ക് ഭരണസമിതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇഡി കോടതിയില്‍ അറിയിച്ചു.

കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലെത്തിയെന്നും ഇഡി ചൂണ്ടിക്കാട്ടി. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇഡി ഇക്കാര്യം കോടതിയെ ധരിപ്പിച്ചത്. സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ പ്രത്യേക അക്കൗണ്ടുള്ളതായി ഇഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പ് പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്കെത്തിയെന്ന് വ്യക്തമാക്കിയത്.

സതീഷിന്റെ മകളുടെ വിദ്യാഭ്യാസത്തിന് അരവിന്ദന്റെ അക്കൗണ്ടില്‍ നിന്നാണ് പണം വിനിയോഗിച്ചിരുന്നതെന്നും ഇഡി കോടതിയില്‍ പറഞ്ഞു. കേസില്‍ മുഖ്യപ്രതിയായ സതീഷുമായി അരവിന്ദാക്ഷന് അടുത്ത ബന്ധമുണ്ടെന്നും ഇഡി അറിയിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളണമെന്നും ഇഡി ആവശ്യപ്പെട്ടു. ഹര്‍ജി കോടതി 21ന് പരിഗണിക്കാനായി മാറ്റി.