ആറന്മുള-ചെങ്ങന്നൂര്‍ ഭാഗം ജലപാതയായി പ്രഖ്യാപിച്ചു; ആറന്മുള പള്ളിയോടങ്ങള്‍ മതസാഹോദര്യത്തിന്റെ പ്രതീകമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പമ്പാനദിയിലെ ആറന്മുള-ചെങ്ങന്നൂര്‍ ഭാഗം ജലപാതയായി പ്രഖ്യാപിച്ചു. തിരുവിതാകൂര്‍ പബ്ലിക് കനാല്‍ ആന്‍ഡ് പബ്ലിക് ഓഫീസ് ആക്ട് 1096 പ്രകാരമുള്ള വിജ്ഞാപനം ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ചു. ഇതോടെ നിര്‍ദിഷ്ഠ പാതയില്‍ ജലഗതാഗതത്തിനാവശ്യമായ നടപടികള്‍ ആരംഭിക്കാന്‍ കഴിയും.

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ ഭാഗമായ പള്ളിയോടങ്ങള്‍ നമ്മുടെ സാംസ്‌കാരിക പൈതൃകവും മതസാഹോദര്യത്തിന്റെ പ്രതീകവും ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിദേശ സഞ്ചാരികളെയും ആഭ്യന്തര സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി.

ഇതിന്റെ നടത്തിപ്പിനായി വിനോദസഞ്ചാര വകുപ്പ് നിലവില്‍ ധനസഹായം നല്‍കുന്നുണ്ട്. ഇതോടൊപ്പം പള്ളിയോടങ്ങള്‍ സംരക്ഷിക്കുന്ന കാര്യവും പരിഗണനയില്‍ ഉണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രമോദ് നാരായണന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.