ക്രൈസ്റ്റ് ചർച്ച് ആക്രമണം: ആൻസി അലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി ആന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ആന്‍സിയുടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെ നിന്നും മൃതദേഹം തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്കാണ് കൊണ്ടു പോയിരിക്കുന്നത്. ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്നും ദുബായ് വഴി എമിറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹം കൊച്ചിയില്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ നിന്നും നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ്  മുഖേനയാണ്  ഭൗതികശരീരം വീട്ടിലെത്തിച്ചത്.

ന്യൂസിലാന്‍ഡ് കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു 23 കാരിയായ ആന്‍സി. ഒരു വര്‍ഷം മുമ്പാണ് ആന്‍സിയും ഭര്‍ത്താവ് നാസറും ന്യൂസിലാന്‍ഡിലെത്തുന്നത്. വെടിവെയ്പ്പ് നടക്കുന്ന ദിവസം ഇവര്‍ ഒരുമിച്ചാണ് ക്രൈസ്റ്റ് ചര്‍ച്ചിലിലെ പള്ളിയിലെത്തുന്നത്. വെടിവെയ്പ്പ് നടക്കുമ്പോള്‍ നാസര്‍ പള്ളിയ്ക്ക് പുറത്തായിരുന്നു.

Read more

ആന്‍സിയ്ക്ക് വെടിവെയ്പ്പില്‍ പരിക്കുണ്ടെന്ന് മാത്രമേ ആദ്യം നാട്ടില്‍ അറിയിച്ചിരുന്നുള്ളൂ. പിന്നീടാണ് മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്.  രണ്ടു മുസ്‌ലിം പള്ളികളിലായി നടന്ന വെടിവെയ്പ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടതില്‍ ആന്‍സി ഉള്‍പ്പടെ ആറ് ഇന്ത്യക്കാരുമുണ്ടായിരുന്നു. മറ്റ് അഞ്ചു പേരില്‍ നാലു പേര്‍ ഗുജറാത്തികളും ഒരാള്‍ ആന്ധ്രാപ്രദേശ് സ്വദേശിയുമാണ്.