കിറ്റെക്സിൽ വീണ്ടും മിന്നൽ പരിശോധന; ഉദ്യോഗസ്ഥർ എത്തുന്നത് 12ാം തവണ

കിഴക്കമ്പലത്ത് കിറ്റെക്സിൽ വീണ്ടും മിന്നൽ പരിശോധന. ഇന്നു രാവിലെ 11നാണ് ഭൂഗർഭ ജല അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. ജില്ലാ വികസന സമിതി യോഗത്തില്‍ തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്നാണ് കിറ്റെക്‌സ്  മാനേജ്‌മെന്റ് പ്രതികരിച്ചത്.

‘12 ാം തവണയാണ് സ്ഥാപനത്തിൽ പരിശോധന നടക്കുന്നത്. വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധനയുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധന. സംസ്ഥാന തലത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നായിരുന്നു വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ സംസ്ഥാന ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗര്‍ഭ ജല അതോറിറ്റിയാണ് ഇന്നു മിന്നല്‍ പരിശോധന നടത്തിയത്. സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും അതൊന്നും നടപ്പിലാവില്ലെന്നതിന് ഉദാഹരണമാണ് ഈ പരിശോധന’– അദ്ദേഹം പറഞ്ഞു.

കിറ്റെക്‌സിലെ നിരന്തരമുള്ള പരിശോധനകളെ തുടര്‍ന്ന് കേരളത്തിലെ വ്യവസായം അവസാനിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നുവെന്ന് കിറ്റക്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അടിക്കടിയുള്ള മിന്നല്‍ പരിശോധനകള്‍ കിറ്റക്‌സില്‍ ഉണ്ടാകില്ലെന്ന വ്യവസായ മന്ത്രി പി.രാജീവിന്റെ ഉറപ്പ് നിലനില്‍ക്കെയാണ് ഇപ്പോള്‍ 12ാം തവണ പരിശോധന നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.