പിസി ജോര്‍ജ്ജിന്റെ നീരസം മാറ്റാന്‍ അനില്‍ ആന്റണി നേരിട്ടെത്തും; കൂടിക്കാഴ്ച വൈകുന്നേരം പൂഞ്ഞാറിലെ വീട്ടില്‍

പിസി ജോര്‍ജ്ജിനെ നേരില്‍ കണ്ട് അനുനയിപ്പിക്കാന്‍ അനില്‍ ആന്റണി പൂഞ്ഞാറിലെത്തുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നീരസത്തിലായ പിസി ജോര്‍ജ്ജിനെ അനുനയിപ്പിക്കാനാണ് അനില്‍ നേരിട്ട് പൂഞ്ഞാറിലെ പിസിയുടെ വീട്ടിലെത്തുന്നത്. ഇന്ന് വൈകുന്നേരത്തോടെ ബിജെപി ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് അനില്‍ പിസിയുമായി കൂടിക്കാഴ്ച നടത്തുക.

പിസി ജോര്‍ജ്ജിന്റെ പിന്തുണ നേടിയ ശേഷം പ്രചരണ പരിപാടികളിലേക്ക് കടക്കാനാണ് അനില്‍ ആന്റണിയുടെ തീരുമാനം. അനില്‍ പിസിയെ സന്ദര്‍ശിക്കുന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിവരം. അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിസി ജോര്‍ജ്ജ് എതിര്‍ത്ത സാഹചര്യത്തിലാണ് അനുനയ ശ്രമം.

അനില്‍ ആന്റണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അനില്‍ പത്തനംതിട്ടയില്‍ വിജയിക്കുക ദുഷ്‌കരമായിരിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു. പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാലും പിന്തുണയ്ക്കും. അനില്‍ ആന്റണിയെ സ്ഥാനാര്‍ത്ഥിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടെന്നായിരുന്നു പിസി കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇതിന് പുറമേ തനിക്ക് സീറ്റ് ലഭിക്കാത്തതിന് കാരണം വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്നും പിസി പറഞ്ഞിരുന്നു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇത് സംബന്ധിച്ച പരാതി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പിസി ജോര്‍ജ്ജിന്റെ നീക്കങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.