ഗുരുവായൂരിൽ രാഹുൽ ഗാന്ധിക്കായി ആനയൂട്ട് നടത്തി അങ്കമാലി സ്വദേശിനി; വഴിപാട് നേർന്നത് അയോഗ്യനാക്കിയപ്പോൾ

രാഹുൽ ഗാന്ധിക്കായി ഗുരുവായൂരിൽ ആനയൂട്ട് വഴിപാട് നടത്തി വയോധിക. രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയപ്പോൾ നേർന്ന വഴിപാടാണ് എറണാകുളം അങ്കമാലി സ്വദേശിനി ശോഭന രാമകൃഷ്ണൻ നടത്തിയത്. രാഹുലിനെ അയോ​ഗ്യനാക്കിയ സൂററ്റ് കോടതി വിധി പിന്നീട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

അയോഗ്യത മാറിക്കിട്ടുവാൻ ഗുരുവായൂരപ്പൻ്റെ ഗജവീരന്മാർക്ക് നേർന്ന ആനയൂട്ട് വഴിപാട് ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനത്താവളത്തിൽ നടത്താമെന്നായിരുന്നു ശോഭന രാമകൃഷ്ണന്റെ നേർച്ച. ഇരുപതിനായിരം രൂപ ആനയൂട്ട് സംഖ്യയായി ‘രാഹുൽ ഗാന്ധി എംപി വയനാട് എന്ന പേരിലാണ് ശീട്ടാക്കി വഴിപാട് പൂർത്തികരിച്ചത്’.

ആനക്കോട്ടയിൽ എത്തിയ ശോഭന രാമകൃഷ്ണനൊടൊപ്പം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെപി ഉദയൻ, കൗൺസിലർ സിഎസ് സൂരജ്, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഒകെആർ മണികണ്ഠൻ എന്നിവർ കൂടെയുണ്ടായിരുന്നു. വഴിപാട് പൂർത്തിയാക്കി കുറച്ചുനേരം ആനക്കോട്ടയിൽ ചിലവഴിച്ചതിന് ശേഷമാണ് ശോഭന രാമകൃഷ്ണൻ മടങ്ങി പോയത്.