സിഎസ്ആർ തട്ടിപ്പ് കേസിൽ ലാലി വിൻസെന്റിന് പുറമെ ബിജെപി നേതാക്കളും റഡാറിൽ. കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണനുമായി ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന് അടുത്ത ബന്ധമുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇത് കൂടാതെ രാഷ്ട്രീയ ഭേദമന്യേയാണ് അനന്തു കൃഷ്ണന്‍ നേതാക്കളെ തന്റെ തട്ടിപ്പില്‍ ഉള്‍പ്പെടുത്തിയതെന്ന വാർത്തയും പുറത്ത് വന്നു.
അനന്തു കോര്‍ഡിനേറ്ററായ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷനുമായി എ എന്‍ രാധാകൃഷ്ണന്‍ സഹകരിച്ചു. എ എന്‍ രാധാകൃഷ്ണന്റെ ‘സൈന്‍’ എന്ന സന്നദ്ധ സംഘടന കോണ്‍ഫഡറേഷനുമായി സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതുമായി സംബന്ധിച്ച ചര്‍ച്ചകള്‍ അനന്തുവിന്റെ ഫ്‌ളാറ്റില്‍ നടന്നിരുന്നുവെന്ന വിവരവും പുറത്ത് വന്നു. സായിഗ്രാം സന്നദ്ധ സംഘത്തിന്റെ ചെയര്‍മാന്‍ അനന്തകുമാറാണ് കോണ്‍ഫഡറേഷന്‍ ചെയര്‍മാന്‍. സീഡ് എന്നായിരുന്നു അനന്തുവിന്റെ സന്നദ്ധ സംഘടനയുടെ പേര്. ഈ സംഘടനയുടെ ലീഗല്‍ അഡൈ്വസറാണ് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. മറൈന്‍ ഡ്രൈവിലെ അനന്തുവിന്റെ മൂന്ന് ഫ്‌ളാറ്റിലെ താക്കോല്‍ കൈകാര്യം ചെയ്തത് ലാലി വിന്‍സെന്റായിരുന്നുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
അതേസമയം സിഎസ്ആര്‍ ഫണ്ടിന്റെ മറവില്‍ അനന്തുകൃഷ്ണന്‍ നടത്തിയ വന്‍കിട തട്ടിപ്പുകളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘമാണ് തട്ടിപ്പ് അന്വേഷിക്കുക. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. അനന്തു കൃഷ്ണനെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റുന്നത്. പൊലീസ് ആസ്ഥാനത്ത് ലഭിച്ച ആറ് പരാതികളില്‍ അടക്കം അനന്തു കൃഷ്ണനെതിരെ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. സംസ്ഥാനത്താകെ 350 കോടിയുടെ തട്ടിപ്പ് അനന്തുകൃഷ്ണന്‍ നടത്തിയെന്നാണ് പ്രാഥമിക വിവരം.
നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.
വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.
അതേസമയം രാഷ്ട്രീയ പാര്‍ട്ടി ഭേദമന്യേ നേതാക്കളുമായി ബന്ധം സ്ഥാപിക്കാന്‍ അനന്തുവിന് സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവരുമായി അനന്തുവെടുത്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിലൂടെ ജനങ്ങളുടെ വിശ്വാസ്യത പിടിച്ചു പറ്റാന്‍ അനന്തുവിന് സാധിച്ചു. എന്നാല്‍ നിലവില്‍ എഎന്‍ രാധാകൃഷ്ണനും ലാലി വിന്‍സെന്റും തമ്മിലുള്ള അടുത്ത ബന്ധം മാത്രമേ പുറത്ത് വന്നിട്ടുള്ളു. ഇനിയും കൂടുതൽ ബന്ധങ്ങൾ ഉടൻ പുറത്ത് വരുമെന്നാണ് സൂചന.