അമിതമായ അളവില്‍ അനസ്‌തേഷ്യ; നാലു വയസുകാരന്റെ മരണം ചികിത്സാ പിഴവ് മൂലം; കേസെടുത്ത് പൊലീസ്

മലപ്പുറത്ത് വായില്‍ മുറിവുണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയ നാലു വയസുകാരന്റെ മരണം ചികിത്സാ പിഴവ് കാരണമെന്ന് സ്ഥിരീകരണം. അമിതമായി കുട്ടിയ്ക്ക് അനസ്‌തേഷ്യ നല്‍കിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അരിമ്പ്ര കൊടക്കാടന്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഷാസില്‍ ജൂണ്‍ 1ന് ആണ് ചികിത്സാ പിഴവ് മൂലം മരിച്ചത്.

കൊണ്ടോട്ടിയിലെ മേഴ്‌സി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു കുട്ടി മരിച്ചത്. കളിക്കുന്നതിനിടെ വായില്‍ കമ്പുകൊണ്ട് മുറിവുണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് മുറിവിന് തുന്നലിടാന്‍ കുട്ടിയ്ക്ക് അനസ്‌തേഷ്യ നല്‍കിയിരുന്നു. കുറച്ച് സമയത്തിനുള്ളില്‍ കുട്ടി മരിച്ചു.

ചികിത്സാ പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന് അന്ന് തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിരുന്നത്. കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Read more

കുട്ടിയുടെ വായിലുണ്ടായ മുറില്ല മരണ കാരണമെന്നും നാല് വയസുള്ള കുട്ടിയ്ക്ക് നല്‍കേണ്ട അളവിലല്ല അനസ്‌തേഷ്യ നല്‍കിയിരുന്നതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.