വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്‍ എത്തിയെന്ന പ്രചാരണം തളളി യു.ഡി.എഫ് കണ്‍വീനര്‍, ആരെങ്കിലും താത്പര്യം പ്രകടിപ്പിച്ചാല്‍ മുന്നണി ചര്‍ച്ച ചെയ്യും 

തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലെത്തിയെന്ന പ്രചാരണം തളളി യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കണമോ എന്നത് യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും പറഞ്ഞു. യുഡിഎഫിനോട് ആര് ഐക്യം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യുമെന്നായിരുന്നു കെ സുധാകരന്‍ എംപിയും പ്രതികരിച്ചു. അതേസമയം, സിപിഐഎമ്മിനോടും ബിജെപിയോടും മാത്രമാണ് യുഡിഎഫിന് തൊട്ടുകൂടായ്മയുളളതെന്നും എം.എം ഹസന്‍ വ്യക്തമാക്കി.

വെല്‍ഫെയര്‍ പാട്ടിയുമായുളള ബന്ധത്തെച്ചൊല്ലി കോണ്‍ഗ്രസിനുളളില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. സഖ്യചര്‍ച്ചകള്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥിരീകരിച്ചെങ്കിലും അത്തരം ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ലെന്ന് യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിച്ചു. എന്നാല്‍ സഹകരണത്തിന് ആരെങ്കിലും താത്പര്യം പ്രകടിപ്പിച്ചാല്‍ മുന്നണി ചര്‍ച്ച ചെയ്യുമെന്നും എം.എം. ഹസന്‍ വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി ഹസന്‍ നടത്തിയ കൂടിക്കാഴ്ച തന്റെ അറിവോടെയാണെന്നും എല്ലാ മതനേതാക്കളുമായും ഇത്തരം കൂടിക്കാഴ്ചകള്‍ നടത്താറുണ്ടെന്നും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായ ജനവികാരം ക്രോഡീകരിക്കുകയാണ് ലക്ഷ്യമെന്നും ആര്‍ക്കും യു.ഡി.എഫിനെ പിന്തുണക്കാമെന്നും കെ സുധാകരന്‍ എംപി പ്രതികരിച്ചു. ഇതിനോടകം പല സാമൂഹിക സംഘടനകളും സഹകരണ താത്പര്യം അറിയിച്ച് മുന്നണിക്ക് കത്തു നല്‍കിയിട്ടുണ്ട്. 23- ന് ചേരുന്ന യു.ഡി.എഫ്. യോഗം തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരൊക്കെയായി സഹകരിക്കാമെന്നതിലും തീരുമാനമെടുക്കും.