കേരളത്തിലെ എല്ലാ റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തിലാക്കും: കെ.എന്‍ ബാലഗോപാല്‍

കേരളത്തിലെ മുഴുവന്‍ റോഡുകളും നാല് വര്‍ഷം കൊണ്ട് ബിഎം ആന്റ് ബിസി റോഡുകളാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നമ്മുടെ റോഡുണ്ടാക്കുന്ന മെറ്റീരിയല്‍ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് പഠിക്കണമെന്നും റോഡിന്റെ ആയുസ്സ് കൂട്ടുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റബ്ബറൈസ്ഡ് റോഡ് കുറച്ചുകൂടി ചെയ്യാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. കേരളത്തിന്റെ സാമ്പത്തിക നില തന്നെ വളരും. കെട്ടിട നിര്‍മാണ വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കണം. റോഡ് തകരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഓട ഇല്ലാത്തതാണ്.

ജനങ്ങള്‍ റോഡുകളുടെ ഗുണനിലവാരം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു തന്നെ ചെറിയ കാര്യം പോലും വലിയ വാര്‍ത്തകളാകുന്നു. വാര്‍ത്തകള്‍ വരുന്നത് വകുപ്പും പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിലെ റോഡുകളുടെ രൂപകല്‍പന മെച്ചപ്പെടണമെന്നും റോഡപകടങ്ങള്‍ കുറയ്ക്കണമെന്നും സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു. ഭാരത് ജോഡോ യാത്രയുടെ ഇന്നലത്തെ സമാപന യോഗത്തിലാണു രാഹുല്‍ റോഡുകളുടെ രൂപകല്‍പനയെ പരാമര്‍ശിച്ചത്. തനിക്കൊരു പരാതിയുണ്ട് എന്നു പറഞ്ഞാണ് അദ്ദേഹം റോഡുകളുടെ വിഷയമെടുത്തിട്ടത്.

3 ദിവസമായി കേരളത്തിലെ റോഡുകളിലൂടെ താന്‍ സഞ്ചരിക്കുന്നു. ഓരോ 5 മിനിറ്റിലും ഓരോ ആംബുലന്‍സ് ചീറിപ്പാഞ്ഞു പോവുന്നതു കണ്ടു. എന്താണ് ഇത്രയും ആംബുലന്‍സ് റോഡിലെന്ന് അന്വേഷിച്ചു. റോഡപകടത്തിലെ ഇരകളുമായാണ് അവയില്‍ അധികവും ആശുപത്രി ലക്ഷ്യമാക്കി പായുന്നതെന്നു മനസ്സിലായി.

Read more

കേരളത്തിലെ ആളുകള്‍ അപകടകരമായി വാഹനമോടിക്കുന്നതുകൊണ്ടാണ് ഇത് എന്നായിരുന്നു തന്റെ ധാരണ. എന്നാല്‍ റോഡിലുടെ കാല്‍നടയായി നടന്നപ്പോഴാണ് റോഡുകളുടെ രൂപകല്‍പന ശരിയല്ലെന്നും അപകടത്തിന് അതൊരു പ്രധാന കാരണമാകുന്നുണ്ടെന്നും ബോധ്യമായതെന്നും രാഹുല്‍ പറഞ്ഞു.