സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ, തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് സഭയുടെ നിലപാടല്ല: കെ.സി.ബി.സി

തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് സഭയുടെ നിലപാടല്ലെന്ന് കെസിബിസി. സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഒരേ നിലപാടെന്ന് കെസിബിസി വക്താവ് ജേക്കബ് പാലക്കാപള്ളി പറഞ്ഞു. പാംപ്ലാനി പറഞ്ഞത് കര്‍ഷകരുടെ നിലപാടാണെന്നും കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ പരിഗണിക്കുന്നില്ല എന്നത് സത്യമാണെന്നും ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്നാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞത്. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയില്‍ സംസാരിക്കവേയാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രഖ്യാപനം.

കേരളത്തില്‍ ഒരു എംപിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

പ്രസ്താവന ഏറെ ചര്‍ച്ചയായതോടെ വിശദീകരണവുമായി ബിഷപ്പ് രംഗത്തുവന്നു. കേന്ദ്രമോ സംസ്ഥാനമോ ആരു സഹായിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. തന്റെ വാക്കുകളെ കത്തോലിക്കാ സഭയുടെ നിലപാടായി കാണേണ്ടതില്ലെന്നും റബ്ബര്‍ കര്‍ഷകരുടെ വികാരമാണ് താന്‍ പങ്കുവച്ചതെന്നും ബിഷപ്പ് പറഞ്ഞു.

ഇടതുമുന്നണിയുമായി ഏറ്റുമുട്ടലിനില്ല. ഒരു പാര്‍ട്ടിയെയോ മതത്തെയോ സഹായിക്കണമെന്ന നിലപാടുമില്ല. റബ്ബറിന്റെ വില 300 ആക്കിയാലേ കര്‍ഷകന് ജീവിക്കാനാവൂ. ബിജെപി സഹായിച്ചാല്‍ തിരിച്ച് സഹായിക്കുമെന്നത് സഭയുടെ തീരുമാനമല്ല. റബ്ബറിന്റെ പേരില്‍ കര്‍ഷകര്‍ രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും ബിജെപിയോട് അയിത്തമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.