മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അവഗണിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് അറിയില്ലെന്ന് പറഞ്ഞ ഇമ ബേബി കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലോ ഐഷ പോറ്റിയുടെ പോക്ക് ഒരുതരത്തിലും ബാധിക്കില്ലെന്നും എം എ ബേബി പറഞ്ഞു.
ഐഷയെ മൂന്നുതവണ എംഎൽഎയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആക്കി. മതിപ്പ് ഉണ്ടാക്കുന്ന തീരുമാനം അല്ല ഇത്. എതിർ പാളയത്തിലേക്ക് പോകുന്നത് വാർത്തയാക്കാൻ കഴിയുന്ന രീതിയിൽ അവസരം നൽകിയത് സിപിഐഎം ആണ്. പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നുവെന്നും എംഎ ബേബി പറഞ്ഞു.
ഐഷാ പോറ്റി ആർഎസ്എസിനെ അനുകൂലിച്ച് പ്രതികരണങ്ങൾ നടത്തിയെന്ന് അറിയുന്നുവെന്നും അതൊക്കെ വല്ലാത്ത വിഷമം ഉണ്ടാക്കുന്നതാണെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് എം മുന്നണിവിടുമെന്ന വാർത്തകളിലും എംഎ ബേബി പ്രതികരിച്ചു. ഇടതുപക്ഷത്തിനൊപ്പം എന്ന നിലപാട് ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും ഉണ്ടായാൽ ജോസ് കെ മാണി തന്നോട് പറയുന്ന ആളാണെന്ന് എംഎ ബേബി പറഞ്ഞു.
അതേസമയം മുൻ സിപിഎം എംഎൽഎ ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജെ മേഴ്സികുട്ടിയമ്മ ഇന്നലെ രംഗത്തെത്തിയിരുന്നു. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നതെന്ന് ജെ മേഴ്സികുട്ടിയമ്മ കുറ്റപ്പെടുത്തി. ഐഷ പോറ്റിക്ക് പാർട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവുമില്ലെന്നും ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു.
മൂന്ന് തവണ എൽഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അങ്ങനെ എല്ലാ സ്ഥാനങ്ങളും അവർക്ക് പാർട്ടി നൽകി. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നത്. വർഗവഞ്ചനയെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകുമെന്നും ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എല്ലാ മനുഷ്യർക്കും ഒപ്പം നില്കാൻ ആണെങ്കിൽ എങ്ങനെയാണ് യുഡിഎഫിൽ പോകുക. അവർ എപ്പോഴാണ് മനുഷ്യർക്ക് ഒപ്പം നിന്നതെന്നും ജെ മേഴ്സികുട്ടിയമ്മ ചോദിച്ചു.







