ഇനി പിഴ ഈടാക്കി തുടങ്ങും, തിങ്കളാഴ്ച മുതല്‍ മുന്നറിയിപ്പ് നോട്ടിസ്; എ.ഐ കാമറയുമായി സര്‍ക്കാര്‍ മുന്നോട്ട്

അഴിമതി വിവാദങ്ങള്‍ മുറുകുന്നതിനിടെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. നേരത്തെ നിശ്ചയിച്ച പ്രകാരം നിയമ ലംഘനങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മില്‍ ധാരണയായി.

മെയ് 9, തിങ്കളാഴ്ച മുതല്‍ നോട്ടീസ് അയച്ച് തുടങ്ങും. 19ന് ശേഷം മാത്രമേ പിഴ ഈടാക്കുകയുള്ളൂ. അതേസമയം, എ.ഐ ക്യാമറ ഇടപാടില്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വൈകും. രേഖകള്‍ പരിശോധിച്ചതിനു പിന്നാലെ നേരിട്ട് വിവരങ്ങള്‍ തേടുകയാണിപ്പോള്‍.

ഈയാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പത്തുദിവസം മുമ്പായിരുന്നു എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വ്യവസായമന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് കെല്‍ട്രോണില്‍ നിന്നും ഗതാഗതവകുപ്പില്‍ നിന്നും ഫയലുകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഫയലുകള്‍ വിശദമായി പരിശോധിച്ച ശേഷം അധികമായി വേണ്ട രേഖകളും അദ്ദേഹം ശേഖരിച്ചിരുന്നു. ഫയലുകള്‍ മാത്രം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ട എന്ന തീരുമാനത്തിലേക്ക് തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എത്തി.

ഇടപാടുമായി ബന്ധപ്പെട്ടവരില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ തേടാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച വൈകിട്ട് കെല്‍ട്രോണ്‍ അധികൃതരുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയാണ് നടത്തിയത്. സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാലാണ് കാലതാമസമുണ്ടാകുന്നത് എന്ന നിലപാടാണ് വ്യവസായവകുപ്പ് അധികൃതരുടേത്.