അടിവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടത് ഏജന്‍സി; നീറ്റ് വിവാദത്തില്‍ അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍

നീറ്റ് പരീക്ഷയില്‍ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികള്‍. വിദ്യാര്‍ഥികളുടെ അടിവസ്ത്രത്തില്‍ ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജന്‍സിക്കാര്‍ നിര്‍ദേശിച്ചെന്നും കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാര്‍ വെളിപ്പെടുത്തി.

റിമാന്‍ഡിലായ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടേതാണ് വെളിപ്പെടുത്തല്‍. ‘പരിശോധിക്കാന്‍ വന്നവര്‍ ദേഹത്ത് മെറ്റലുണ്ടെന്ന് പറഞ്ഞ് കുട്ടികളെ മാറ്റി നിര്‍ത്തി. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോഴാണ് വസ്ത്രം മാറാന്‍ സ്ഥലം വേണമെന്ന് കുട്ടികള്‍ പറഞ്ഞത്.

അതുകൊണ്ടാണ് ഞങ്ങള്‍ വിശ്രമിക്കുന്ന മുറി അവര്‍ക്ക് തുറന്നുകൊടുത്തത്’ എന്നാണ് ശുചീകരണ തൊഴിലാളികളുടെ പ്രതികരണം. അതേസമയം, കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും. പരീക്ഷ സെന്റര്‍ സൂപ്രണ്ട് ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്.

തുടരന്വേഷണത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പൊലീസ് നിയമോപദേശം തേടും. അറസ്റ്റിലായ അഞ്ച് പ്രതികളുടേയും ജാമ്യാപേക്ഷ കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. സംഭവത്തില്‍ ഇന്നും വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധമുണ്ടാകും.