വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി; 200 പന്നികളെ കൊന്നൊടുക്കും

വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഒരു ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതോടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇവിടെ ആകെ 200 പന്നികളാണ് ഉള്ളത്. ഇവയെ കൊല്ലേണ്ടി വരുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.

നേരത്തെ ജില്ലയിലെ തവിഞ്ഞാല്‍, കണിയാരം പ്രദേശങ്ങളിലുള്ള ഫാമുകളിലുമ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫാമിലുണ്ടായിരുന്ന പന്നികളെ കൂട്ടത്തോടെ കൊന്നിരുന്നു.

അതേസമയം കണ്ണൂരിലും പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഫാമിലെ 14 പന്നികളാണ് ഇതുവരെ ചത്തത്. പന്നിപ്പനിയെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും.