ദത്ത് വിവാദം; ഡിഎന്‍എ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

ദത്ത് വിവാദത്തില്‍ ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വന്നതോടെ കേസ് നേരത്തെ പരിഗണിയ്ക്കണമെന്ന് ആവശ്യവുമായി ശിശുവികസനവകുപ്പ് കോടതിയെ സമീപിക്കും. കുഞ്ഞിന്റെ മാതാപിതാക്കള്‍ അനുപമയും അജിത്തും തന്നെ ആണെന്ന് തെളിയിക്കുന്ന ഡിഎന്‍എ റിപ്പോര്‍ട്ട് സിഡബ്ലുസി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഫലം വന്ന ഉടനെ അനുപമയും അജിത്തും നിര്‍മ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു. കുഞ്ഞിനെ എത്രയും പെട്ടെന്ന് തിരികെ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ പ്രതികരിച്ചു.

സിഡബ്ലുസി കോടതിയില്‍ നല്‍കിയിട്ടുള്ള ഫ്രീ ഫോര്‍ അഡോപ്ക്ഷന്‍ ഡിക്‌ളറേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുക എന്നാതാണ് അടുത്ത് നടപടി. ഡിഎന്‍എ ഫലം അനുകൂലമായ സാഹചര്യത്തില്‍ ഇത് ഉടനെ റദ്ദാക്കുമെന്ന് സിഡബ്ലൂസി വ്യക്തമാക്കി. ഇതിന് ശേഷം സിഡബ്ലുസിയ്ക്ക് തന്നെ നേരിട്ട് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാവുന്നതാണ്. എന്നാല്‍ വിവാദമായി മാറിയ കേസായതിനാല്‍ കോടതിയുടെ അനുമതിയോടെയാകും നടപടികള്‍ പൂര്‍ത്തീകരിയ്ക്കുക.

രാജീവ് ഗാന്ധി സെന്റര്‍ ബയോ ടെക്‌നോളജിയില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്കാണ് ഡിഎന്‍എ റിപ്പോര്‍ട്ട്് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് കൈമാറിയത്. കുഞ്ഞിനെ തിരിച്ച് കിട്ടിയതിന് ശേഷവും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കണമെന്നതാണ് ആവശ്യവുമായി സമരം തുടരാനാണ് അനുപമയുടെ തീരുമാനം. സംഭവത്തില്‍ അനുപമ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ദത്തെടുക്കലില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ ബാലാവകാശ സംരക്ഷണ കമ്മീഷൻ അനുപമ, സിഡബ്ലുസി ചെയര്‍മാന്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ അംഗം, സ്റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സി പ്രതിനിധി എന്നിവരെ ഇന്ന് ഹിയറിങിന് വിളിപ്പിച്ചിട്ടുണ്ട്. പൊലീസിനും സിഡബ്ലുസിക്കും നല്‍കിയ പരാതി എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നത് എന്ന കാര്യവും കമ്മിഷന്‍ പരിശോധിക്കും. വനിതാ ശിശുക്ഷേമ വകുപ്പും ഈ വിഷയത്തില്‍ ഉണ്ടായിട്ടുള്ള വീഴ്ചകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് കുടുംബ കോടതിയില്‍ സമര്‍പ്പിക്കും.

Read more

വ്യാജ രേഖകള്‍ ഉണ്ടാക്കി കുഞ്ഞിനെ ദത്തു നല്‍കിയെന്ന കേസില്‍ ഒന്നാം പ്രതിയായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന പരിഗണിയ്ക്കും. ഈ കേസില്‍ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമാണ് പ്രതികള്‍. അമ്മയുള്‍പ്പെടെ അഞ്ചു പേര്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസന്വേഷണം ഊര്‍ജജിതമാക്കിയതിന് പിന്നാലെയാണ് ജയചന്ദ്രനും ജാമ്യാപേക്ഷ നല്‍കിയത്.