ദത്ത് വിവാദം; 'മുഖ്യമന്ത്രിയും സിപിഎമ്മും അറിഞ്ഞുകൊണ്ടുള്ള മനുഷ്യക്കടത്ത്': വി ഡി സതീശന്‍

 

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അടക്കം എല്ലാവരും അറിഞ്ഞുകൊണ്ട് നടത്തിയ മനുഷ്യക്കടത്ത് ആണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ നടപടി സ്വീകരിക്കണമെന്നും സിഡബ്ല്യുസി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുഞ്ഞിനെ അന്വേഷിച്ച് പിതാവ് എത്തിയപ്പോള്‍ ഇവര്‍ അനുകൂല നടപടി സ്വീകരിച്ചില്ല. പിന്നീട് അമ്മ കുഞ്ഞിനെ അന്വേഷിച്ച് എത്തിയപ്പോള്‍ ദത്ത് നടപടി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യവുമായി ശിശുക്ഷേമ സമിതി കോടതിയില്‍ പെറ്റീഷന്‍ നല്‍കുകയായിരുന്നു.

അനുപമയുടെ പരാതി ഉണ്ടായിട്ടും ദത്ത് നടപടികള്‍ തുടരുകയായിരുന്നു. ഈ വിഷയം പാര്‍ട്ടിക്കാര്യമാണെന്നാണ് സിപിഎം പറഞ്ഞത്. ഇതെങ്ങനെ പാര്‍ട്ടികാര്യമാകും എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ശുക്ഷേമ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി എല്ലാം അറിഞ്ഞിട്ടും വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി

വിവാദകാര്യങ്ങളില്‍ മൗനം പാലിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ പുതിയ നയം. അതുകൊണ്ടാണ് മുല്ലപ്പരിയാര്‍ വിഷയത്തിലും ദത്തുകേസിലും മുഖ്യമന്ത്രി ചുണ്ടനക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.