ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് തന്നെ എസ്‌ഐടി വിളിപ്പിച്ചതെന്ന് അടൂര്‍ പ്രകാശ്; 'സര്‍ക്കാര്‍ അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാിനായി ചില പ്രത്യേക ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്'

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ചോദ്യംചെയ്യാനല്ല തന്നെ വിളിപ്പിച്ചതെന്നും മൊഴിയെടുക്കാനാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. രഹസ്യമായല്ല എസ്ഐടിക്ക് മുന്നില്‍ പോയതെന്നും എന്നാല്‍ ഇതുസംബന്ധിച്ച് ചില മാധ്യമങ്ങള്‍ പല കഥകളും സൃഷ്ടിക്കുകയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്.ഐ.ടി ആവശ്യപ്രകാരം മൊഴിനല്‍കാനാണ് പോയതെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് സര്‍ക്കാര്‍ അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി ചില പ്രത്യേക ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെന്നും പറഞ്ഞു. അവരാണ് യുഡിഎഫ് നേതാക്കളെ കൂടി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും തന്റെ ചോദ്യം ചെയ്യല്‍ സമയത്ത് പുറത്ത് വാര്‍ത്തകള്‍ പ്രചരിപ്പിച്ചതും ഇവരാണെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തെന്നു പ്രചരിപ്പിച്ചതിനേയും അടൂര്‍ പ്രകാശ് വിമര്‍ശിച്ചു. സത്യാവസ്ഥയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നോക്കാതെ ഇത്തരം വാര്‍ത്ത കൊടുക്കാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ചില ഉദ്യോഗസ്ഥന്മാരെ അവിടെ നിയോഗിച്ചിരിക്കുന്നു. അത്തരം ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുപറയും. മാധ്യമങ്ങളെ കാണാതെ പുറത്തേക്ക് പോകാനുള്ള വഴിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞിരുന്നു. പക്ഷെ താന്‍ അത് ചെവിക്കൊള്ളാതെ മാധ്യമങ്ങളെ കണ്ടിട്ടാണ് പോയത്. അവരുടെ പേരുകള്‍ പിന്നീട് പുറത്തുപറയുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

”നേരേ വന്ന് കാര്യങ്ങള്‍ പറയാനുള്ള അന്തസ്സും അഭിമാനവും കാണിക്കുന്ന ഒരാളാണ് ഞാന്‍. ഞാന്‍ ഒളിച്ചോട്ടം നടത്തി, എന്റെ മുഖഭാവം കണ്ടില്ലേ, അത് മാറിക്കൊണ്ടിരിക്കുന്നു എന്നുപറഞ്ഞൊന്നും ദയവായി വാര്‍ത്തകള്‍ സൃഷ്ടിക്കരുത്. വളരെ ആത്മാര്‍ഥതയോടെ സന്തോഷത്തോടെ ഇക്കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. അത് പറഞ്ഞില്ലെങ്കില്‍ ഞാന്‍ വെറും ഒരു മടയനായി ഇവിടെവന്ന്, മടയത്തരം വല്ലതും പറഞ്ഞുപോയെന്ന് നിങ്ങളും ധരിക്കും. ഇന്നലെ എന്നെ ചോദ്യംചെയ്യാനല്ല വിളിച്ചത്. എന്റെ മൊഴിയെടുക്കാന്‍ വേണ്ടിയാണ് വിളിച്ചത്. മൊഴി കൊടുത്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായിട്ടുള്ള എന്റെ ചിത്രംവന്നു. ആ ചിത്രം വന്നതിന്റെ അടിസ്ഥാനത്തില്‍ അതേക്കുറിച്ച് ചോദിച്ചു. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. മറുപടി എഴുതിയെടുത്ത ഉദ്യോഗസ്ഥന്മാരുണ്ട്. എന്നാല്‍, ഇന്നലെ ചാനലുകളില്‍ സ്‌ക്രോളിങ് വാര്‍ത്തവന്നത് അടൂര്‍ പ്രകാശിനെയും ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തുകൊണ്ടിരിക്കുന്നു എന്നാണ്. ആടിനെ പട്ടിയാക്കുന്ന സ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.

എസ്ഐടി ഇപ്പോള്‍ അന്വേഷണം വളച്ചൊടിക്കുകയാണെന്നും തനിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്ത് ഗൂഢാലോചന നടത്തിയാലും യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ആരുടെയെങ്കിലും ചിത്രംവെച്ചാണോ എസ്ഐടി അന്വേഷണം. ഇത് ഏത് രീതിയിലുള്ള അന്വേഷണമാണ്. എല്ലാ മാധ്യമങ്ങളെയും ഞാന്‍ വിമര്‍ശിച്ചിട്ടില്ല. വിമര്‍ശിക്കേണ്ട ചില മാധ്യമങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. അത് ഇന്ന് അല്ല നാളെ ആയാലും അവരുടെ മുഖത്തുനോക്കി പറയും. അതാണ് അടൂര്‍ പ്രകാശ് എന്നും അദ്ദേഹം പറഞ്ഞു. പലരും തന്റെ ചിത്രമെടുക്കാറുണ്ട്. താന്‍ ആരോടും കൈതട്ടിമാറ്റി ചിത്രമെടുക്കരുതെന്ന് പറയാറില്ല. അവരോടൊപ്പം നിന്ന് പടമെടുക്കും. പക്ഷേ, കള്ളന്മാരും ദുഷ്ടമാരുമാണെന്ന് മനസിലാക്കിയാല്‍ അവരെ മാറ്റിനിര്‍ത്തും. അങ്ങനെ മാറ്റിനിര്‍ത്തുന്ന പലയാളുകളുമുണ്ട്. അങ്ങനെ മാറ്റിനിര്‍ത്തപ്പെടേണ്ട പലയാളുകളുമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍വരുമെന്നതില്‍ ഒരുസംശയവും വേണ്ട. ആരൊക്കെ ഗൂഢാലോചന നടത്തിയാലും നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍വരുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Read more

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയത് ഒരു തവണയെന്ന മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിഞ്ഞു. ഒന്നിലേറെ തവണ പോയെന്ന് തെളിയിക്കുന്ന ചിത്രം പുറത്തായി. ലൊക്കേഷന്‍ പോറ്റിയുടെ വീട് തന്നെയെങ്കിലും കടകംപള്ളിയുടെ വേഷവും സമ്മാനം സ്വീകരിക്കുന്ന വ്യക്തികളും വ്യത്യാസം. അതുകൊണ്ട് ആദ്യത്തെ ചിത്രമെടുത്ത അതേ ദിവസമല്ല ഈ സന്ദര്‍ശനമെന്ന് വ്യക്തം. ഒരു തവണയേ പോയിട്ടുള്ളെന്ന വാദം ശരിയല്ലെന്ന് ഇതോടെ വ്യക്തമാണ്. പക്ഷെ ഈ ചിത്രം പുറത്തുവരുമ്പോഴും കടകംപള്ളിയ്ക്ക് ഓര്‍മപ്രശ്‌നം തുടരുകയാണ്. എട്ട് വര്‍ഷം മുന്‍പ് നടന്നതായതുകൊണ്ട് ഓര്‍ക്കുന്നില്ലെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. കടകംപള്ളിയേക്കുറിച്ച് അന്വേഷിച്ചോട്ടെയെന്നായിരുന്നു എം.വി.ഗോവിന്ദന്റെയും വി.ശിവന്‍കുട്ടിയുടെയും പ്രതികരണം.