വരള്‍ച്ചാകാലത്ത് ജലമൂറ്റാനായി പെപ്‌സി കമ്പനിയുടെ പുതിയ തന്ത്രം, പ്രദേശവാസികള്‍ക്ക് ജലം നല്‍കുന്നത് കണ്ണില്‍ പൊടിയിടുന്ന പദ്ധതിയെന്ന് ആരോപണം

പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ 100 കുടുംബങ്ങള്‍ക്ക്ജലം ലഭ്യമാക്കുന്ന പെപ്‌സി കമ്പനിയുടെ പദ്ധതിക്കെതിരെ പരിസ്ഥി പ്രവര്‍ത്തകര്‍ രംഗത്ത്. ഭൂഗര്‍ഭ ജലനിരപ്പ് വന്‍ തോതില്‍ കുറയുന്നു എന്ന ആശങ്ക നിലനില്‍ക്കെ, പ്രദേശവാസികളുടെ എതിര്‍പ്പിനെ മറികടക്കാനാണ് ഈ പദ്ധതിയെന്നും വേനല്‍ക്കാലത്ത് ഭൂഗര്‍ഭജലം ഊറ്റാനായുള്ള പുതിയ തന്ത്രമാണ് പെപ്‌സി കമ്പനിയുടേതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

https://www.facebook.com/photo.php?fbid=918902708265774&set=a.495931500562899.1073741899.100004381594994&type=3&theater

വ്യവസായ മേഖലയിലുള്‍പ്പെടുന്ന പുതുശ്ശേരി പഞ്ചായത്തിലെ ഭൂഗര്‍ഭജലനിരപ്പ് കുറയുന്നതിലുള്ള ആശങ്കയാണ് പെപ്‌സിക്കൊ പങ്ക് വയ്ക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം മഴ കുറഞ്ഞത്, ഭൂതല ജലലഭ്യതയെയും പ്രദേശത്തെ ഭൂഗര്‍ഭ ജലനിരപ്പിനെയും ബാധിച്ചതായി പെപ്‌സി കമ്പനി തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പ്രദേശവാസികളായ 100 കൂടുംബങ്ങള്‍ക്ക് ജലം ലഭ്യമാക്കാനുള്ള പദ്ധതിക്ക് പെപ്‌സിയുടെ പെപ്‌സിക്കൊ ഇന്ത്യ ലിമിറ്റഡ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയില്‍ മാര്‍ച്ച് ആവസാനം മുതല്‍ ജൂണ്‍ വരെ കൊടും വരള്‍ച്ചയാണ്. വരള്‍ച്ച രൂക്ഷമാകുന്ന സമയത്താണ് ജലദൗര്‍ലഭ്യതയ്‌ക്കെതിരെ ജനകീയ സമരങ്ങള്‍ പൊട്ടിപ്പുറപ്പെടാറ്. ജലദൗര്‍ലഭ്യതയ്‌ക്കെതിരായ സമരം, ചെന്നെത്തുന്നത് അതിന്റെ കാരണങ്ങളിലേക്കും ജലചൂഷണം നിര്‍വ്യാജം തുടരുന്ന വമ്പന്‍ കോര്‍പ്പറേറ്റുകളിലേക്കുമാണ്. പ്ലാച്ചിമടയില്‍ നിന്ന്, ജനകീയ സമരങ്ങളെ തുടര്‍ന്ന് കൊക്കൊകോള കൂടും കുടുക്കയും തൂക്കി സ്ഥലം കാലിയാക്കിയിട്ട് അധികമായില്ല.തൊട്ട് പിറകേ സമരത്തിന്റെ ചൂടും ചൂരുമറിയുന്നത് കഞ്ചിക്കോട്ടെ പെപ്‌സി കമ്പനിയാണ്.

വരള്‍ച്ചാകാലത്ത് ജനകീയസമരം ശക്തമാകുമ്പോള്‍ പഞ്ചായത്തും, ജില്ലാ ഭരണകൂടവും ഇടപെട്ട് നാലോ അഞ്ചോ മാസത്തേക്ക് ജലമെടുക്കുന്നതില്‍ നിന്ന് കമ്പനിയെ വിലക്കും. മുന്‍ വര്‍ഷങ്ങളിലും ഇത്തരം വിലക്കുകള്‍ കാരണം പെപ്‌സിക്കൊ മാസങ്ങളോളം അടഞ്ഞ് കിടന്നിട്ടുണ്ട്. ഇത്തവണ ആ പ്രതിസന്ധി മറികടക്കാനാണ് പെപ്‌സി ജനങ്ങളെ കൈയ്യിലെടുക്കാനുള്ള തന്ത്രം പയറ്റുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കമ്പനി നടപ്പിലാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനങ്ങാട് പാണ്ടിയത്ത് ഏരിയും ഈസ്റ്റ് അട്ടപ്പള്ളത്തെ കുളവും നവീകരിച്ച് ജലം ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.പാണ്ടിയത്ത് ഏരിക്ക് 12,412 ഘനമീറ്ററും, ഈസ്റ്റ് അട്ടപ്പളത്തെ കുളത്തിന് 10,478 ഘനമീറ്ററുമാണ് സംഭരണശേഷി.ഈ മേഖലയിലെ മൂന്ന് ചെക്ക് ഡാമുകള്‍ നവീകരിക്കുകയും ,ചെളി നീക്കം ചെയ്യുകയും സ്റ്റീല്‍ ഗേറ്റുകളും സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.

പെപ്‌സിയില്‍ കരാറടിസ്ഥാനത്തില്‍ 260 ഓളം തൊഴിലാളികളും 90 ഓളം സ്ഥിരം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്.സ്ഥിരംതൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും പെപ്‌സിയില്‍ വെവ്വേറേ ക്യാന്റീനുകളും മെനുവുമാണ്.വര്‍ഷങ്ങളോളം പണിയെടുത്തിട്ടും തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ തയ്യാറാകാത്ത, ടൂര്‍ പോലുള്ള വിനോദ ഉപാധികള്‍ പോലും കരാര്‍ തൊഴിലാളികള്‍ക്ക് നിഷേധിക്കുന്ന പെപ്‌സി മാനേജ്‌മെന്റിന്റെ ധാര്‍മികത പൊള്ളയാണെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

ഏഴ് ഭൂഗര്‍ഭകിണറുകളില്‍ നിന്നായി പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലമെടുക്കാനാണ് കമ്പനിക്ക് അനുമതിയുള്ളത്.എന്നാല്‍ അത് അഞ്ച് ലക്ഷം വരെയാകാമെന്ന് കമ്പനി പറയുന്നു.സര്‍ക്കാര്‍ നേരത്തെ കണ്ടെത്തിയത് പ്രതിദിനം ആറുലക്ഷം ലിറ്റര്‍ ജലം പെപ്‌സി എടുക്കുന്നു എന്നാണ്.അതേസമയം പരിസഥിതിപ്രവര്‍ത്തകര്‍ ആരോപിക്കുന്നത് പെപ്‌സി കമ്പനി 15 ലക്ഷം ലിറ്റര്‍ വരെ ഊറ്റുന്നുണ്ടെന്നാണ്.അതിനാലാണ് സമരം ചെയ്യാന്‍ സാധ്യതയുളള പ്രദേശവാസികളെ കണ്ണില്‍ പൊടിയിട്ട് കൂടെ നിര്‍ത്താന്‍ പെപ്‌സിക്കൊ ശ്രമിക്കുന്നതെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ഉറപ്പിക്കുന്നു.