പിവി അന്‍വര്‍ എംഎല്‍എയുടെ മിച്ച ഭൂമി കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചു; നടപടി വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം

പിവി അന്‍വര്‍ എംഎല്‍എ കൂടരഞ്ഞി വില്ലേജില്‍ കൈവശം വച്ചിരിക്കുന്ന 90.3 സെന്റ് ഭൂമി കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചു. നിലമ്പൂര്‍ എംഎല്‍എ വിവിധ താലൂക്കുകളിലായി കൈവശം വച്ചിരിക്കുന്ന 6.24 ഏക്കര്‍ ഭൂമി കണ്ടുകെട്ടാന്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ 26ന് എംഎല്‍എ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി സര്‍ക്കാരിലേക്ക് വിട്ടുനല്‍കാന്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ഉത്തരവിട്ടത്.

ഇത് സംബന്ധിച്ച് എംഎല്‍എ ഒരാഴ്ചയ്ക്കകം നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഭൂമി കണ്ടുകെട്ടാനായിരുന്നു ഉത്തരവ്. എന്നാല്‍
ഒരാഴ്ച കഴിഞ്ഞിട്ടും ഭൂമി വിട്ടുനല്‍കാന്‍ എംഎല്‍എ തയ്യാറാകാതെ വന്നതോടെയാണ് ലാന്റ് ബോര്‍ഡ് ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്ക് കടക്കുന്നത്. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടം പൊയില്‍ അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയില്‍ താമരശ്ശേരി താലൂക്ക് ഭൂരേഖാ വിഭാഗം പരിശോധന നടത്തി.

എംഎല്‍എ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ അതിര്‍ത്തി പങ്കിടുന്ന ഭൂ ഉടമകള്‍ക്ക് അടുത്ത ഘട്ടമായി നോട്ടീസ് അയയ്ക്കും. തുടര്‍ന്ന് സമീപത്തെ ഭൂ ഉടമകളുടെ രേഖകളുമായി ഒത്തു നോക്കിയ ശേഷം അതിര്‍ത്തി നിര്‍ണ്ണയിച്ച് കല്ലിടും. ഉദ്യോഗസ്ഥര്‍ക്ക് സര്‍വേ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശമുണ്ട്.