മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നു; നടപടികൾ തുടങ്ങി ദൗത്യ സംഘം, ഒഴിപ്പിക്കുന്നത് അഞ്ചേക്കര്‍ ഏലക്കൃഷി

മൂന്നാറിലെ അനധികൃത കൈയേറ്റം ദൗത്യ സംഘം ഒഴിപ്പിക്കുന്നു. ആനയിറങ്കല്‍, യചിന്നക്കനാല്‍ മേഖലകളിലെ സർക്കാർ ഭൂമി കയ്യേറി ഏല കൃഷി നടത്തിയതാണ് ഒഴിപ്പിക്കുന്നത്. അഞ്ച് ഏക്കർ ഏല കൃഷിയാണ് ഒഴിപ്പിക്കുന്നത്. സ്ഥലത്ത് സര്‍ക്കാര്‍ വക ഭൂമിയെന്നും ദൗത്യ സംഘം ബോര്‍ഡ് സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.

ജില്ലാ കളക്ടറുടെ കീഴിലുള്ള ദൗത്യ സംഘത്തിന്റേതാണ് നടപടി. രാവിലെ ആറ് മണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ സംഘമാരംഭിച്ചു. എന്നാല്‍ ദൗത്യസംഘത്തിന് നേരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ചെറുകിട കുടിയേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കിയെന്ന പരാതിയാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.

അതേസമയം, അഞ്ച് സെന്‍റില്‍ കുറവുള്ളവരെ ഒഴിപ്പിക്കിലല്ല ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും റവന്യു മന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്നാറിലെ കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നത് 50ലധികം വന്‍കിട കെട്ടിടങ്ങളാണ്. കളക്ടറുടെ പട്ടികയില്‍ 7 റിസോര്‍ട്ടുകളാണ് കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി കെട്ടിപ്പൊക്കിയത്.

സ്റ്റോപ്പ് മെമ്മോ പോലും അവഗണിച്ചാണ് പല കെട്ടിടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വന്‍കിട കമ്പനികള്‍ മുതല്‍ രാഷ്ട്രീയ പ്രമുഖരുടെ ബന്ധുക്കള്‍ വരെ ഈ പട്ടികയില്‍ ഉണ്ട്. മൂന്നാറിലേക്ക് ദൗത്യസംഘം മലകയറുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത നീക്കം.