യാത്രക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങി സ്വര്‍ണം കടത്താന്‍ കൂട്ടുനിന്നു; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങി സ്വര്‍ണം കടത്താന്‍ കൂട്ടുനിന്ന രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അനീഷ്, ഉമേഷ് കുമാര്‍ സിങ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഗള്‍ഫില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്.

കഴിഞ്ഞ ദിവസം സൗദിയില്‍ നിന്നെത്തിയ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ഒരു കോടി രൂപ വില വരുന്ന സ്വര്‍ണം പുറത്തെത്തിക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്. 250 ഗ്രാം സ്വര്‍ണവും രണ്ട് സ്വര്‍ണ ബിസ്‌ക്കറ്റുമാണ് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നത്. പേഴ്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

എന്നാല്‍ യാത്രക്കാരനെ വിമാനത്താവളത്തിന് പുറത്ത് വെച്ച് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തറിയുന്നത്. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കസ്റ്റംസ് കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.