അബ്ദുല്‍ വഹാബിനെതിരെ നടപടിയില്ല; അനാരോഗ്യം മൂലമാണ് മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം; തൃപ്തികരമെന്ന് ഹൈദരലി തങ്ങൾ

രാജ്യസഭയിലെ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് അനാരോഗ്യം മൂലമാണ് എന്ന് പി. .വി അബ്ദുല്‍ വഹാബ് എം.പിയുടെ വിശദീകരണം. ഹൈദരലി തങ്ങളെ നേരില്‍ കണ്ടാണ് വഹാബ് കാര്യങ്ങള്‍ ബോധിപ്പിച്ചത്. വഹാബിന്റെ വിശദീകരണം തൃപ്തികരമാണെന്ന് ഇതോടെ തങ്ങളും വ്യക്തമാക്കി.

മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിന് നേരത്തെ അബ്ദുല്‍ വഹാബിനോട് മു‌സ്‌ലിംലീഗ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിക്ക് അകത്തും നിന്നും പുറത്ത് നിന്നും ശക്തമായ പ്രതിഷേധം എം.പിക്കെതിരെ ഉയർന്നിരുന്നു. നേതാക്കളില്‍ പലരും അവരുടെ അതൃപ്തി ഹൈദരലി തങ്ങളുമായി പങ്ക് വച്ചിരുന്നു.

ന്യൂനപക്ഷ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ മുസ്ലീം ലീഗ് എം.പിമാർ തുടർച്ചയായി പരാജയപ്പെടുന്നുവെന്ന് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മൊയീൻ അലി കഴിഞ്ഞ ദിവസം പരസ്യ വിമർശനം നടത്തിയിരുന്നു. ന്യൂനപക്ഷം ഏറെ ആശങ്കയോടെ കാണുന്ന മുത്തലാഖ് വിക്ഷയത്തിൽ മുസ്ലീം ലീഗിന് പാർലമെന്റിൽ നിരന്തരം വീഴ്ച സംഭവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുത്തലാഖ് ബിൽ അവതരണ സമയത്ത് രാജ്യസഭയിൽ കൃത്യസമയത്ത് ഹാജരാവാതിരുന്ന അബ്ദുൾ വഹാബ് എം.പി സ്ഥാനമൊഴിയണം എന്നും മൊയീൻ അലി അഭിപ്രായപ്പെട്ടിരുന്നു.