നിലവിലെ നേതൃത്വം അത്ര പോരാ; ആംആദ്മി പാര്‍ട്ടി കേരളഘടകം പിരിച്ചുവിട്ടു

ആം ആദ്മി പാര്‍ട്ടി കേരളത്തിലെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. സംഘടനകാര്യ ജനറല്‍ സെക്രട്ടറി സന്ദീപ് പതക്ക് വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉടന്‍ തന്നെ പുതിയ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള അറിയിപ്പ് ഉണ്ടാകുമെന്നും കുറിപ്പില്‍ പറയുന്നു.

പാര്‍ട്ടി കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. 2024-ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ശക്തമായ സാന്നിധ്യമായി മാറുകയെന്ന ലക്ഷ്യത്തിലാണ് പാര്‍ട്ടിക്കുണ്ട്. എന്നാല്‍ നിലവിലെ നേതൃത്വം അതിന് ഉദകുന്നതല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പിരിച്ചുവിടല്‍.

ജനുവരി പത്തിന് കേരളത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട നേതാക്കളെ ഡല്‍ഹിയില്‍ വിളിപ്പിച്ച് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സന്ദീപ് പതക്കിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഇതിനു പിന്നാലെയാണ് സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നെങ്കിലും കേരളത്തിലേക്ക് ആ ആവേശം പകര്‍ത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല.