'പ്രവാസികള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമല്ല'

വിദേശത്ത് താമസിക്കുന്ന ഇന്ത്യാക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. പല ധനകാര്യസ്ഥാപനങ്ങളും വിദേശ ഇന്ത്യാക്കാരോട് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നുവെന്ന പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വിശദീകരണം.

2017 നവംബര്‍ 15ന് യുഐഡിഎഐ പുറപ്പെടുവിച്ച സര്‍ക്കുലര്‍ അനുസരിച്ച് എന്‍.ആര്‍.ഐ/പിഐഒ/ഒസിഐ വിഭാഗങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ കഴിയില്ല. അപേക്ഷ നല്‍കുന്നതിന് തൊട്ടുമുന്നിലുള്ള ആറ് മാസക്കാലം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ ആധാറിനായി അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. വിദേശ ഇന്ത്യാക്കാര്‍ക്ക് അത് സാധ്യമല്ലാത്തതിനാല്‍ ആധാറിന് അപേക്ഷിക്കാന്‍ കഴിയില്ല.

ഈ സാഹചര്യത്തില്‍ വിദേശ ഇന്ത്യാക്കാരോട് തിരിച്ചറിയല്‍ കാര്‍ഡായി ആധാര്‍ കാര്‍ഡ് ആവശ്യപ്പെടരുതെന്ന് ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും 2017 ല്‍ തന്നെ യുഐഡിഎഐ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും കളക്ടര്‍ അറിയിച്ചു.