ഓര്‍ക്കാട്ടേരിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന ഭര്‍തൃമാതാവ് പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഷബ്‌നയുടെ ആത്മഹത്യയെ തുടര്‍ന്ന് ഒളിവിലായിരുന്ന ഭര്‍തൃമാതാവ് അറസ്റ്റില്‍. കോഴിക്കോടുള്ള ഒരു ലോഡ്ജില്‍ നിന്നാണ് ഷബ്‌നയുടെ ഭര്‍തൃമാതാവ് നഫീസ പൊലീസിന്റെ പിടിയിലായത്. നഫീസയുടെ മകള്‍ കൂടി അറസ്റ്റിലായതായാണ് ലഭിക്കുന്ന വിവരം. ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബ് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്.

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹബീബിന്റെ അമ്മാവനായ ഓര്‍ക്കാട്ടേരി സ്വദേശി ഹനീഫയെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഷബ്‌ന ആത്മഹത്യ ചെയ്തതിന് പിന്നാലെ ഹനീഫ ഷബ്‌നയെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഷബ്‌നയെ ഭര്‍തൃവീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പത്ത് വര്‍ഷം മുന്‍പ് ആയിരുന്നു ഷബ്‌നയുടെ വിവാഹം. നിരന്തരം ഭര്‍തൃവീട്ടില്‍ പീഡനങ്ങള്‍ നേരിട്ടതോടെ സ്വന്തമായി വീടെടുത്ത് മാറി താമസിക്കാന്‍ ഷബ്‌ന തീരുമാനിച്ചു. ഇതിനായി വിവാഹ സമയത്ത് നല്‍കിയ 120 പവന്‍ സ്വര്‍ണം ഭര്‍തൃവീട്ടുകാരോട് തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല.