കൊല്ലത്ത് അവധിയില്‍ നാട്ടിലെത്തിയ സൈനികന് മര്‍ദ്ദനം; ശരീരത്തിന് പിന്നില്‍ പിഎഫ്‌ഐ എന്നെഴുതിയതായും പരാതി

കൊല്ലത്ത് സൈനികനെ ഒരു സംഘം മര്‍ദ്ദിച്ചവശനാക്കിയതിന് ശേഷം ശരീരത്ത് പിഎഫ്‌ഐ എന്നെഴുതിയതായി പരാതി. കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ചവര്‍ ഷൈനിന്റെ ശരീരത്തിന് പിന്‍ഭാഗത്തായി പിഎഫ്‌ഐ എന്ന് എഴുതിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അവധിയിലെത്തിയ സൈനികന്‍ ഇന്ന് വൈകുന്നേരം തിരികെ പോകാനിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടില്‍ ഓണാഘോഷ പരിപാടികള്‍ നടന്നിരുന്നു. ഇതിന് ശേഷം ഷൈന്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. ഇതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് രണ്ട് പേര്‍ സൈനികനെ തടഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് ഷൈനിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

രണ്ട് പേര്‍ സൈനികനെ മര്‍ദ്ദിക്കുന്നതിനിടെ നാല് പേര്‍ കൂടിയെത്തി മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനത്തിനിടെ ഒരാള്‍ ചവിട്ടി വീഴ്ത്തുകയും ശരീരത്തിന് പിന്നിലായി എന്തോ എഴുതിയതായും ഷൈന്‍ പറഞ്ഞു. അക്രമികള്‍ എന്താണ് എഴുതിയതെന്ന് അപ്പോള്‍ മനസിലായില്ലെന്നും സൈനികന്‍ പൊലീസിനോട് പറഞ്ഞു. ആക്രമണത്തിന് ശേഷം സംഘം സംഭവസ്ഥലത്ത് നിന്ന് പോയതോടെ വീടിന് സമീപത്തുള്ള യുവാവിനെ വിളിച്ച് വരുത്തിയാണ് ഷൈന്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അക്രമികള്‍ എഴുതിയത് പിഎഫ്‌ഐ എന്നാണെന്ന് മനസിലായതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സൈനികന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.