കേരളത്തില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങള്‍ പറയാന്‍ പറ്റാത്ത സാഹചര്യം; വളഞ്ഞിട്ട് ആക്രമിക്കുന്നു; ഗണപതി പരാമര്‍ശത്തിലെ പ്രതിഷേധങ്ങള്‍ക്കെതിരെ സ്പീക്കര്‍ എഎന്‍ ഷംസീര്‍

കേരളത്തില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയാന്‍ പറ്റാത്ത സാഹചര്യമാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പറഞ്ഞതിനു വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവര്‍ത്തകനാണു താനെന്നും എ.എന്‍.ഷംസീര്‍ പറഞ്ഞു.

സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം നല്‍കി പ്രസംഗിക്കവേയാണു ഷംസീറിന്റെ പരാമര്‍ശം. ഗണപതി മിത്താണെന്ന സ്പീക്കറുടെ പരാമര്‍ശം വലിയ വിവാദമാകുകയും യോജിച്ചും വിയോജിച്ചും പ്രതികരണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

കേരളത്തിന്റെ സാംസ്‌കാരിക സമകാലിക ജീവിതത്തില്‍ കാതലായ മാറ്റം വരുത്തിയ മഹാനാണ് സഹോദരന്‍ അയ്യപ്പനെന്ന് സ്പീക്കര്‍ പറഞ്ഞു. അപകടകരമായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വര്‍ഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ പരിശ്രമിച്ച നവോത്ഥാന നായകന്‍ കൂടിയായിരുന്നു സഹോദരന്‍ അയ്യപ്പന്‍.

സഹോദരന്‍ അയ്യപ്പന്‍ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ സഹോദരന്‍ സാഹിത്യ പുരസ്‌കാരം ‘അമ്മയുടെ ഓര്‍മ്മ പുസ്തകം’ എന്ന ജീവിത ചരിത്ര ഗ്രന്ഥം രചിച്ച മാധവന്‍ പുറച്ചേരിക്ക് ചടങ്ങില്‍ സമ്മാനിച്ചു.