ആദ്യം സ്വയം വിമർശനം നടത്തേണ്ടത് മാധ്യമങ്ങൾ; എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തോന്നിയിട്ടില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ

എംടി വാസുദേവൻ നായരുടെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സ്പീക്കർ എ എൻ ഷംസീർ. എംടിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. എംടി എന്താണ് ഉദ്ദേശിച്ചത് എന്ന് തനിക്കറിയില്ല. അത് അദ്ദേഹം തന്നെ പറയണം എന്ന് പറഞ്ഞ ഷംസീർ എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും പ്രതികരിച്ചു. അതേ സമയം മാധ്യമങ്ങളെ സ്പീക്കർ വിമർശിക്കുകയും ചെയ്തു.

മാധ്യമങ്ങളാണ് ആദ്യം സ്വയം വിമർശനം നടത്തേണ്ടത്. ഇ.എം.എസ് ജീവിച്ചിരുന്നപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല. എം.ടിയുടെ വിമർശനം മാധ്യമങ്ങളെ ഉദ്ദേശിച്ചാവാം. പാർട്ടി ആംഗിൾ സംസാരിക്കാൻ തനിക്ക് പരിമിതിയുണ്ട്. താൻ ഇരിക്കുന്ന പദവി അനുസരിച്ച് രാഷ്ട്രീയ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവില്ല എന്നും ഷംസീർ കൂട്ടിച്ചേർത്തു.

എംടിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആരോപിച്ചിരുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രാധാന്യം, ഇ എം എസ് നൽകിയ സംഭാവനകൾ എന്നിവ എടുത്ത് പറയുകയായിരുന്നു എംടി എന്ന് റിയാസ് പറഞ്ഞു. എംടിയും മുഖ്യമന്ത്രിയും സന്തോഷത്തോടെ ഏറെ നേരം സംസാരിച്ചു. ഇത് ആണോ മാധ്യമ പ്രവർത്തനമെന്നും റിയാസ് ചോദിച്ചു. എംടിയുടെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്തതായി ഇ പി ജരാജനും പ്രതികരിച്ചിരുന്നു.