വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്ന കേസ്; ക്രൈം നന്ദകുമാറിന് ജാമ്യം

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് എതിരെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്ന് കേസില്‍ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിന് കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തകയാണ് പരാതി നല്‍കിയിരുന്നത്.

പരാതിയെ തുടര്‍ന്ന് പട്ടികജാതി- വര്‍ഗ പീഡന നിരോധന നിയമം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞ് അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയും നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം, ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് സൈബര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തിയെന്നും അത് ഫെയ്സ്ബുക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയും പ്രചരിപ്പിച്ചുവെന്നുമായിരുന്നു കേസ്.