കണ്ണൂരില്‍ വിദ്വേഷപ്രസംഗം നടത്തിയ വൈദികന് എതിരെ കേസെടുത്തു

കണ്ണൂര്‍ മണിക്കല്ലില്‍ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ കേസെടുത്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാ. ആന്റണി തറക്കടവിനെതിരെയാണ് പൊലീസ് കേസെടുത്തത്. സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് കേസ്. ഇരിട്ടി മണിക്കടവ് സെന്റ് തോമസ് പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട് നടത്തിയ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷമായ രീതിയില്‍ വൈദികന്‍ സംസാരിച്ചത്.

മതപരിവര്‍ത്തനത്തിനും, ഹലാല്‍ ഭക്ഷണത്തിനും എതിരെയായിരുന്നു പ്രസംഗം. മുസ്ലിംകള്‍ക്കെതിരെയും, മുഹമ്മദ് നബിക്കെതിരെയും മോശമായ ഭാഷയില്‍ പരാമര്‍ശിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ വൈദികനെതിരെ വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നു. ഇതോടെയാണ് ഉളിക്കല്‍ പൊലീസ് കേസെടുത്തത്. മണിക്കടവ് സെന്റ് തോമസ് പള്ളിയില്‍ കുട്ടികള്‍ക്ക് മതപഠനം നടത്തുന്ന ആളാണ് ഫാദര്‍ ആന്റണി തറക്കടവില്‍.