'സ്വാതന്ത്ര്യദിനം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു'; ഏതെങ്കിലും ആര്‍.എസ്. എസുകാരന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോ: ഇ.പി ജയരാജന്‍

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഒരു സമരത്തില്‍ പോലും പങ്കെടുക്കാത്ത ആര്‍എസ്എസുകാര്‍ ഇപ്പോള്‍ സ്വാതന്ത്ര്യദിനം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഏതെങ്കിലും ആര്‍എസ്എസുകാരന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് സിപിഎമ്മും സിപിഐയും സംയുക്തമായി സംഘടിപ്പിച്ച റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ആര്‍എസ്എസുകാരന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോയെന്നും ആര്‍ക്കെങ്കിലും ബ്രിട്ടീഷ് പട്ടാളത്തിന്റെ ചവിട്ടേല്‍ക്കേണ്ടി വന്നിട്ടുണ്ടോയെന്നും സമര ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഗ്രാമങ്ങളില്‍ ഭൂപ്രഭുക്കന്മാരുടെയും നാടുവാഴികളുടെയും കാവലാളായിരുന്നു ആര്‍എസ്എസുകാര്‍. അവരെന്നും ബ്രിട്ടീഷുകാര്‍ക്ക് ഒപ്പമായിരുന്നു. ആര്‍എസ്എസിന്റെ ഗണവേഷം ബ്രിട്ടീഷ് കള്‍ച്ചറിന്റെ ഭാഗമായി രൂപപ്പെട്ടതാണെന്നും  ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഒറ്റുകൊടുക്കാന്‍ പ്രവര്‍ത്തിച്ചത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതാണ് ആര്‍എസ്എസെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

പേട്ട രാജേന്ദ്രന്‍ മൈതാനിയില്‍ നടന്ന പൊതുയോഗത്തില്‍ സി.പി.എം നേതാവ് എസ്. പുഷ്പലത അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, കെ. ശ്രീകുമാര്‍, സി. ലെനിന്‍, ആനാവൂര്‍ നാഗപ്പന്‍, എസ്.പി. ദീപക്, സുന്ദര്‍, കൗണ്‍സിലര്‍ സുജാദേവി, സി.പി.ഐ നേതാവ് വി.പി. ഉണ്ണിക്കൃഷ്ണന്‍, രാഖി രവികുമാര്‍, ഹരികുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.