സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്നാണ് വൈദ്യുതമന്ത്രിയുടെ വിശദീകരണം. പവര്‍ക്കെട്ട് ഇല്ലാത്ത പത്ത് വര്‍ഷം എന്ന എല്‍ഡിഎഫ് പരസ്യത്തിന് എതിരായ വിമര്‍ശനത്തോടുള്ള മന്ത്രിയുടെ പ്രതികരണവും രൂക്ഷമാണ്. പ്രതിപക്ഷം പ്രകൃതിയോട് ചോദിക്കണമെന്നാണ് മന്ത്രിയുടെ പരിഹാസം. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ഉടനീളം ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും പ്രതിപക്ഷം അതുകൂടി നോക്കണമെന്നാണ് മന്ത്രിയുടെ മറുപടി.
റെഗുലേറ്ററി കമ്മീഷന്‍ ഹിയറിങ് കഴിഞ്ഞുവെന്നും വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടുവെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വിശദീകരിച്ചു. കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും വൈദ്യുതി മന്ത്രി നല്‍കുന്നുണ്ട്. കറന്റ് ചാര്‍ജ് കൂട്ടാതെയിരിക്കാന്‍ ശ്രമിക്കുമെന്നും ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read more
നിലവിലെ പ്രശ്‌നം രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നും കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ഉപയോഗം ഉയര്‍ന്നതോടെ സംസ്ഥാനത്ത് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് വ്യാപകമാണെന്ന് പരാതികള്‍ ഉയരുന്നുണ്ട്. രാത്രി 15 മിനിറ്റ് വീതം പല തവണ വൈദ്യുതി മുടങ്ങുന്നുണ്ട് എന്നാണ് ആക്ഷേപം ഉയരുന്നത്. അതിനിടെ, ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും.







