'നിയമം നിയമത്തിന്റെ വഴിക്ക് പോകും'; എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്ത ശേഷം നടപടിക്രമങ്ങള്‍ അറിയിച്ചാല്‍ മാത്രം മതിയെന്ന് സ്പീക്കര്‍

പീഡനക്കേസിലെ പ്രതി എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ജനപ്രതിനിധികള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട് പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും. അദ്ദേഹം പ്രതികരിച്ചു.

‘ നടപടി സ്വീകരിക്കുന്നതിന് മുമ്പ് സ്പീക്കറുടെ അനുമതി തേടേണ്ട ആവശ്യമില്ല. നടപടി വിവരം അറിയിച്ചാല്‍ മാത്രം മതിയെന്നും വ്യക്തമാക്കുന്ന 2021ലെ സുപ്രീംകോടതി നിര്‍ദേശമുണ്ട്. അറസ്റ്റ് ചെയ്ത ശേഷം അറിയിക്കേണ്ട കാര്യം മാത്രമേയുള്ളൂ’, സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായാണ് ക്രൈബ്രാഞ്ച് സംഘം മുന്നോട്ട് പോകുന്നത്. ജനപ്രിതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.

എല്‍ദോസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. ക്രൈംബ്രാഞ്ച് ചുമത്തിയ 376 (2) എന്‍ വകുപ്പ് പ്രകാരം ചുരുങ്ങിയത് പത്തുവര്‍ഷം തടവുശിക്ഷ വരെ എല്‍ദോസിന് ലഭിക്കാം. നാളെയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത്.