'മകന്റെ കൊലയാളികളെ പിടികൂടണം, അര്‍ഷാദിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല'; സജീവന്റെ അച്ഛന്‍

കൊച്ചിയിലേക്ക് ജോലിക്കായി എത്തിയ മകന്റെ മരണ വിവരം താങ്ങാനാകാതെ കുടുംബം. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒമ്പതാം തിയതിയാണ് മകന്‍ അവസാനമായി ഫോണ്‍ വിളിച്ചത്. അതിന് ശേഷം ഫോണ്‍ ഓഫായിരുന്നെന്നും മകന്റെ കൊലയാളികളെ പിടികൂടണമെന്നും സജീവ് കൃഷ്ണയുടെ അച്ഛന്‍ സജീവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.

ദിവസങ്ങളായി മകനെ കുറിച്ച് വിവരമില്ലാതിരുന്നതോടെ കഴിഞ്ഞ ദിവസം സഹോദരനും ബന്ധുവും കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. ഇവര്‍ ചാലക്കുടിയിലെത്തിയപ്പോഴാണ് കൊലപാതക വിവരമറിഞ്ഞത്. ഏഴ് മാസമായി കൊച്ചിയിലെ ഫ്‌ളാറ്റില്‍ സജീവ് നാലു പേര്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അര്‍ഷാദിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ലെന്നും അച്ഛന്‍ വ്യക്തമാക്കി.

ഇന്നലെയാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തുള്ള ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ സജീവ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരനായിരുന്നു സജീവ്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയില്‍ . പൈപ്പ് ഡെക്റ്റിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്.

ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിന്റെ 16 -ാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവിനൊപ്പം താമസിച്ചിരുന്ന അര്‍ഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ കണ്ടെത്താനായി തിരച്ചില്‍ നടത്തുകയാണ്. കൊലപാതക വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഇന്നലെ വൈകുന്നേരം മുതലാണ് അര്‍ഷാദിന്റെ ഫോണ്‍ ഓഫായത്.