സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമർശനത്തിൽ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്. നിലവിൽ കുട്ടികൾ അങ്കണവാടികളിൽ എത്തണമെന്ന് നിർബന്ധമില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഉളള കുട്ടികൾക്ക് വീടുകളിൽ തുടരാം എന്നുമാണ് വനിതാ ശിശു വികസന വകുപ്പിന്റെ വിശദീകരണം.
അങ്കണവാടികൾ അടച്ചാൽ നിരവധി സ്ത്രീകൾക്ക് ജോലിക്ക് പോകാൻ കഴിയാതെ വരുമെന്നും കുട്ടികളുടെ പോഷകാഹാര വിതരണത്തിലും തടസങ്ങളുണ്ടാകുമെന്നും വനിതാ ശിശു വികസന വകുപ്പ് വ്യക്തമാക്കി. ഇക്കാരണങ്ങളാലാണ് അങ്കണവാടികൾ തുറന്നു പ്രവർത്തിക്കുന്നത് എന്നാണ് വിശദീകരണം.
ചൂട് തുടരുന്ന പശ്ചാത്തലത്തിൽ അങ്കണവാടികൾ പാലിക്കേണ്ട മാർഗനിർദേശങ്ങളും വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കി. താപനില ക്രമാതീതമായി വർധിച്ചുവന്നാൽ പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമെന്നും വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു.
Read more
രാവിലെ 10 മുതൽ മൂന്ന് വരെ അങ്കണവാടികൾക്ക് പുറത്തുളള പ്രവർത്തനങ്ങൾ പാടില്ല.
അങ്കണവാടിക്കുള്ളിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുട്ടികൾക്ക് നൽകണം. കുട്ടികളുടെ ഭക്ഷണത്തിൽ പഴവർഗങ്ങൾ ഉൾപ്പെടുത്തണം. ഫാൻ സൗകര്യമില്ലാത്ത അങ്കണവാടികളിൽ അത് ലഭ്യമാക്കാനുളള നടപടി സ്വീകരിക്കണം. കുട്ടികൾ പുറത്തിറങ്ങുമ്പോൾ പാദരക്ഷ, കുട, തൊപ്പി മുതലായവ ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കണം. ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ലക്ഷണം കുട്ടികൾ കാണിച്ചാൽ ഉടൻ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം എന്നിവയാണ് മാർഗനിർദേശങ്ങൾ.







