കേരളത്തിന് ഓണസമ്മാനമായി രണ്ടാം വന്ദേഭാരത്; ആദ്യ റേക്ക് വൈകാതെ മംഗലാപുരത്തേക്ക് എത്തിക്കും

ഓണസമ്മാനമായി കേരളത്തിന് രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് അനുവദിക്കാനൊരുങ്ങി റെയില്‍വേ. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയ പുതിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് വൈകാതെ മംഗലാപുരത്തേക്ക് എത്തിക്കും.

ദക്ഷിണ റെയില്‍വേയ്ക്കായാണ് നിലവില്‍ റേക്ക് അനുവദിച്ചിരിക്കുന്നത്. മംഗലാപുരം എറണാകുളം, എറണാകുളം ഗോവ, മംഗലാപുരംതിരുവനന്തപുരം, മംഗലാപുരം കോയമ്പത്തൂര്‍ റൂട്ടുകളാണ് പരിഗണനയിലുള്ളത്.

ഏപ്രില്‍ 25 നാണ് ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്. നിലവില്‍ കാസര്‍കോട്- തിരുവനന്തപുരം റൂട്ടില്‍ ഈ വന്ദേഭാരത് സര്‍വീസ് നടത്തിവരികയാണ്.

തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സര്‍വീസ് എന്നാണു റെയില്‍വേ പറയുന്നത്. വൈദ്യുതീകരിച്ച റെയില്‍ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂണ്‍ അവസാനത്തോടെ വന്ദേഭാരത് നല്‍കിയിരുന്നു.