പാലക്കാട് ജില്ലയിൽ മെയ് 31 വരെ നിരോധനാജ്ഞ

പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതൽ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. 19 പേർക്ക് ഒരുമിച്ച് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ്  നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയിൽ ആദ്യമായാണ് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ് 12 പേർ. രണ്ട് പേർ വിദേശത്ത് നിന്നെത്തിയവരും 3 പേർ ആരോഗ്യ പ്രവർത്തകരും 2 പേർ സമ്പർക്ക പട്ടികയിലുള്ളവരുമാണ്. രോഗബാധിതരിൽ 11 വയസ്സുകാരിയുൾപ്പെടെ 7 സ്ത്രീകളും 12 പുരുഷൻമാരുമായുള്ളത്.

വാളയാറിൽ പ്രവർത്തിക്കുന്ന ഒരാളുൾപ്പെടെ 3 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരവധി പേർ നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമാണുള്ളത്. ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേരെത്തിയത് റെഡ് സോണായ ചെന്നൈയിൽ നിന്നാണ്. കാഞ്ചിപുരത്ത് നിന്നും ഗുജറാത്തിൽ നിന്നും ഓരോരുത്തരും മുംബൈയിൽ നിന്ന് വന്ന രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശ മലയാളികൾ മെയ് 7ന് അബൂദബിയിൽ നിന്നും മെയ് 13ന് കുവൈത്തിൽ നിന്നുമാണെത്തിയത്. മെയ് 20ന് രോഗം സ്ഥിരീകരിച്ച ശ്രീകൃഷ്ണപുരം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരാണ് രണ്ട് പേർ.

ആദ്യ ഘട്ടത്തിലുണ്ടായിരുന്ന 13 പേർ രോഗമുക്തരായി ആശുപത്രി വിട്ടതോടെ മെയ് 11ന് പാലക്കാട് കോവിഡ് മുക്തമായിരുന്നു. മണിക്കൂറുകൾക്കകം വീണ്ടും രോഗം സ്ഥിരീകരിച്ച് 13 ദിവസം പിന്നിടുമ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 45ലെത്തി.