കുമ്മനത്തിന് 11000 ഭൂരിപക്ഷം; ബി.ജെ.പിക്ക് ആറ് സീറ്റില്‍ വിജയസാദ്ധ്യത: ആര്‍.എസ്.എസ്

 

സംസ്ഥാനത്ത് ആറ് സീറ്റില്‍ ബി.ജെ.പിക്ക് വിജയസാദ്ധ്യതയെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍. നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖന്‍ 5000 മുതല്‍ 11000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ആര്‍എസ്എസ് വിലയിരുത്തുന്നതായി റിപ്പോർട്ടർ നെറ്റ് വർക്ക് റിപ്പോർട്ട് ചെയ്തു. ഇതിന് പുറമേ മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 1500 വോട്ടിന് മുകളിലും കഴക്കൂട്ടത്തും തൃശൂരും വട്ടിയൂര്‍കാവിലും 1000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തതോടെയുള്ള വിജയസാദ്ധ്യതയാണ് ആര്‍എസ്എസ് കണക്കാക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ ഇ ശ്രീധരന്‍ 2500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ബി.ജെ.പിക്ക് പത്തിൽ കൂടുതൽ എം.എൽ.എമാർ ഉണ്ടാകുമെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുപ്പ് അവലോകനത്തിനായി കൊച്ചിയിൽ ചേർന്ന ആദ്യ ബിജെപി സംസ്ഥാന കോർ കമ്മിറ്റിയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആണ് ഇക്കാര്യം പറഞ്ഞത്.

പാർട്ടി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് യോ​ഗം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് അവലോകനം, കോവിഡ് വ്യാപനം തുടങ്ങിയ കാര്യങ്ങളാണ് പ്രധാന ചർച്ചാവിഷയമായത്. തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ പത്രിക തള്ളിയത് വലിയ വീഴ്ചയായി കണക്കാക്കിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫിനും എൽഡിഎഫിനും കേവല ഭൂരിപക്ഷം കിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാംവരവിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും ബിജെപി ആരോപിച്ചു. ഏകോപനമില്ലായ്മയാണ് ഇതിനു കാരണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.